Asianet News MalayalamAsianet News Malayalam

സൗദി പ്രവാസികളുടെ ബഹ്റൈന്‍ വഴിയുള്ള യാത്രയും മുടങ്ങി; പുതിയ തീരുമാനം ഇന്ന് മുതല്‍

ബഹ്റൈനില്‍ റസിഡന്റ് വിസ ഇല്ലാത്തവരെ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ട എന്ന പുതിയ തീരുമാനമാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

expats cant return to saudi through bahrain due to new restriction
Author
Riyadh Saudi Arabia, First Published May 21, 2021, 9:38 AM IST

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ ദുഃഖത്തിലാഴ്ത്തി ബഹ്റൈന്റെ പുതിയ തീരുമാനം. റസിഡന്റ് വിസ ഇല്ലാത്തവരെ ബഹ്റൈനില്‍ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനം ഇന്ന് മുതല്‍ നടപ്പിലാകും. ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റീനില്‍ കഴിയണം എന്ന നിബന്ധന പാലിക്കാനുള്ള ഏക ഇടത്താവളം ബഹ്റൈന്‍ മാത്രമായിരുന്നു.

ബഹ്റൈനില്‍ റസിഡന്റ് വിസ ഇല്ലാത്തവരെ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ട എന്ന പുതിയ തീരുമാനമാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. സൗദി പ്രവാസികളെ മാത്രമല്ല മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പോകാനും ബഹ്റൈന്‍ ഇടത്താവളമാക്കുന്നവരെയും  പ്രയാസത്തിലാക്കുന്നതാണ് ഈ തീരുമാനം. സൗദിയിലേക്ക് പോകുന്നവര്‍ ബഹ്റൈന്‍ വിസിറ്റ് വിസ എടുത്തു അവിടെ ഇറങ്ങി 14 ദിവസം തങ്ങിയ ശേഷമാണ് ഇതുവരെ സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ആ വഴിയാണ് ഇപ്പോള്‍ അടഞ്ഞത്. ബഹ്റൈനില്‍ നിലവില്‍ തൊഴില്‍ വിസയൊ മറ്റു നിലയിലുള്ള റസിഡന്റ് വിസയോ ഇല്ലാത്ത വിദേശികള്‍ക്ക് വിസിറ്റ് വിസ നല്‍കേണ്ട എന്നാണ് തീരുമാനം.

ജൂണ്‍ 3 വരെയാണ് താല്‍ക്കാലിക വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നതെങ്കിലും കൊവിഡ് സാഹചര്യം വിലയിരുത്തി നീട്ടാനാണ് സാധ്യത. സൗദിയിലേക്ക് പുറപ്പെടാന്‍ ബഹ്റൈന്‍ പാക്കേജ് ബുക്ക് ചെയ്തു കാത്തിരുന്നവരെയെല്ലാം ഈ തീരുമാനം അതീവ ദുഃഖത്തിലാഴ്ത്തി. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ബഹ്റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

Follow Us:
Download App:
  • android
  • ios