കുവൈത്തിലേക്ക് മരുന്നുകൾ കൊണ്ടുവരുമ്പോൾ ഇത് അറിഞ്ഞിരിക്കണം. പുതിയ നിബന്ധനകൾ പുറത്തിറക്കി കസ്റ്റംസ് അധികൃതർ. ഷെഡ്യൂൾ ഒന്നിൽപ്പെട്ട മാരക വേദനസംഹാരികൾ കൊണ്ടുവരുമ്പോള്‍ അവ പരമാവധി 15 ദിവസത്തെ ചികിത്സക്ക് മാത്രമുള്ള അളവിൽ കൊണ്ടുവരിക.
കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൈവശം വെക്കുന്ന നാർക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തിൽപ്പെട്ട മരുന്നുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ ഉത്തരവ് പുറത്തിറക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ 2025-ലെ 202-ാം നമ്പർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട മാരകമായ വേദനസംഹാരികളും മറ്റും കൈവശം വെക്കുന്നുണ്ടെങ്കിൽ, അത് പരമാവധി 15 ദിവസത്തെ ചികിത്സയ്ക്ക് ആവശ്യമുള്ള അളവിൽ മാത്രമേ കൊണ്ടുവരാൻ പാടുള്ളൂ.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ സൈക്കോട്രോപിക് മരുന്നുകൾ (ഷെഡ്യൂൾ 3, 4, 30) പരമാവധി ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ കൊണ്ടുവരാം. യാത്രക്കാർ ഒറിജിനൽ മെഡിക്കൽ റിപ്പോർട്ടോ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോ കസ്റ്റംസിൽ ഹാജരാക്കണം. ഈ രേഖകൾ വിദേശത്തുള്ള ഔദ്യോഗിക കുവൈത്ത് അതോറിറ്റികൾ (കുവൈത്ത് എംബസി അല്ലെങ്കിൽ കോൺസുലേറ്റ്) വഴി രേഖാമൂലമോ ഇലക്ട്രോണിക് രീതിയിലോ സാക്ഷ്യപ്പെടുത്തിയിരിക്കണം. രേഖകൾ കൃത്യമായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിൽ മരുന്നുകൾ വിട്ടുകൊടുക്കില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് വരെ അവ കസ്റ്റംസ് തടഞ്ഞുവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


