ആയിരക്കണക്കിന് വ‍ർഷങ്ങളുടെ പഴക്കമുള്ള ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ കെട്ടിട അവശിഷ്ടങ്ങളും മറ്റുമാണ് കണ്ടെടുത്തത്.  

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക ദ്വീപിലെ അൽ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് 2,300 വർഷങ്ങൾക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്. കുവൈത്ത്-ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ സംഘം അൽ ഖുറൈനിയ സൈറ്റിൽ നടത്തിയ പ്രവർത്തനത്തിനിടെയാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് കൗൺസിൽ ഫോർ ആൻറിക്വിറ്റീസ് ആൻഡ് മ്യൂസിയം സെക്ടറിൻ്റെ ആക്ടിംഗ് അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെഡ പറഞ്ഞു.

കെട്ടിടത്തിന്‍റെ ശിലാ അടിത്തറകൾ, ഒരു ആന്തരിക മതിൽ, ബാഹ്യ മുറ്റത്തെ മുറിയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രവേശന കവാടം എന്നിവ സംഘം കണ്ടെത്തിയതായി ബിൻ റെഡ വിശദീകരിച്ചു. അതിനുള്ളിൽ പ്ലാസ്റ്റർ ചെയ്ത മതിലുകളുടെ നിരവധി അവശിഷ്ടങ്ങളും കണ്ടെത്തി, കൂടാതെ 2,000 വർഷത്തിലധികം പഴക്കമുള്ള നിരവധി മൺപാത്ര വസ്തുക്കളും കണ്ടെത്തി.

Read Also -  നൂറുകണക്കിന് തൊഴിലവസരങ്ങൾ, പുതിയ പദ്ധതികളുമായി ലുലു; യുഎഇയുടെ പ്രാന്ത പ്രദേശങ്ങളിലേക്കും ഔട്ട്‍ലറ്റുകൾ

ഈ സ്ഥലത്തെ ഏറ്റവും പഴക്കമേറിയ പാളി ബിസി മൂന്നാം, രണ്ടാം നൂറ്റാണ്ടുകളിലേതാണ് (2300 വർഷം മുമ്പ്), ദ്വീപിലെ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു കെട്ടിടത്തിന്റെ കണ്ടെത്തൽ ഫൈലാക്ക ദ്വീപിന്റെ ഒരു പ്രധാന പുരാവസ്തു നേട്ടമാണെന്ന് കുവൈത്ത് സർവകലാശാലയിലെ പുരാവസ്തു, നരവംശശാസ്ത്ര പ്രൊഫസർ ഡോ. ഹസ്സൻ അഷ്കനാനി സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം