Asianet News MalayalamAsianet News Malayalam

ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ചമഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത വിദേശിക്ക് ശിക്ഷ വിധിച്ചു

യുവതിയെ കസ്റ്റഡിയിലെടുക്കുകയാണെന്നും തനിക്കൊപ്പം പൊലീസ് സ്റ്റേഷന്‍ വരെ വന്നില്ലെങ്കില്‍ 500 ദിര്‍ഹം പിഴയടയ്ക്കേണ്ടി വരുമെന്നും പ്രതി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ അവസരമുണ്ടാക്കിയത്. തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം, ബലാത്സംഗം, സര്‍ക്കാര്‍ ജീവനക്കാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 

Fake government employee jailed for raping Dubai tourist
Author
Dubai - United Arab Emirates, First Published Mar 19, 2019, 4:06 PM IST

ദുബായ്: മുനിസിപ്പാലിറ്റി ജീവനക്കാരന്‍ ചമഞ്ഞ് പാര്‍ക്കില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. പ്രതിയായ 46കാനായ ബംഗ്ലാദേശി പൗരന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് തിങ്കളാഴ്ച കോടതി വിധിച്ചത്. സുഹൃത്തിനൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ പാകിസ്ഥാന്‍ പൗരയാണ് പീഡിപ്പിക്കപ്പെട്ടത്.

യുവതിയെ കസ്റ്റഡിയിലെടുക്കുകയാണെന്നും തനിക്കൊപ്പം പൊലീസ് സ്റ്റേഷന്‍ വരെ വന്നില്ലെങ്കില്‍ 500 ദിര്‍ഹം പിഴയടയ്ക്കേണ്ടി വരുമെന്നും പ്രതി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ അവസരമുണ്ടാക്കിയത്. തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം, ബലാത്സംഗം, സര്‍ക്കാര്‍ ജീവനക്കാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.  പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

സഹോദരിയെ സന്ദര്‍ശിക്കാനും ജോലി അന്വേഷിക്കാനുമായാണ് 22 വയസുകാരിയായ യുവതി ദുബായിലെത്തിയത്. സുഹൃത്തായ യുവാവിനൊപ്പം വൈകുന്നേരം ആറ് മണിക്ക് അല്‍ മംസര്‍ ബീച്ചിന് സമീപത്തെ പാര്‍ക്കില്‍ നടക്കവെയാണ് പ്രതി ഇവരെ സമീപിച്ചത്. ഒരു തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചശേഷം താന്‍ മുനിസിപ്പാലിറ്റി ജീവനക്കാരനാണെന്നും പറഞ്ഞു. ഇരുവരും തമ്മിലെ ബന്ധമെന്താണെന്നും ഇവിടെ എന്ത് ചെയ്യുന്നുവെന്നും ചോദിച്ചു. യുവാവിനെ വാഹനത്തില്‍ നിന്ന് ഐഡി കാര്‍ഡ് എടുത്ത് കൊണ്ടുവരാന്‍ പറഞ്ഞയച്ച ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്ന് യുവതിയോട് പറ‍ഞ്ഞു.

മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം പാര്‍ക്കിലെ വേലി കടന്ന് പുറത്തിറങ്ങി. തന്നോട് തര്‍ക്കിക്കരുതെന്നും താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞു. പിന്നീട് അടുത്തുള്ള ഇരുട്ട് മൂടിയ പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇതോടെ അപകടം തിരിച്ചറിഞ്ഞ യുവതി തിരികെ പോകാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ബലമായി പിടിച്ചുവെച്ചു. എതിര്‍ത്താല്‍ കൊല്ലുമെന്നും മൃതദേഹം കടലില്‍ എറിയുമെന്നും ഭീഷണിപ്പെടുത്തിയ ശേഷം പീ‍ഡിപ്പിക്കുകയായിരുന്നു. 

ഇയാള്‍ പോയ ശേഷം യുവതി ഇവിടെ നിന്ന് ഓടി രക്ഷപെട്ടു. ഒരു ടാക്സി പിടിച്ച് സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു. സുഹൃത്തിനും സഹോദരിക്കുമൊപ്പം വീണ്ടും ബീച്ചില്‍ വന്ന ശേഷം പൊലീസിനെ വിവരമറിയിച്ചു. പ്രതി നേരത്തെ പാര്‍ക്കിലെ ജോലിക്കാരനായിരുന്നെന്നും അതുകൊണ്ടുതന്നെ ഇയാള്‍ക്ക് സ്ഥലങ്ങള്‍ പരിചിതമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. നേരത്തെ രാജ്യത്ത് പ്രവേശിക്കാന്‍ ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് മറികടന്നാണ് തിരികെ വന്നത്. 

സംഭവ ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തു. യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്ന് ഫോറന്‍സിക് പരിശോധനാ ഫലവും സ്ഥിരീകരിച്ചു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയില്‍ അവശയായാണ് സംഭവത്തിന് ശേഷം യുവതിയെ കണ്ടതെന്ന് സുഹൃത്ത് മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.

Follow Us:
Download App:
  • android
  • ios