ഫിഫ അണ്ടർ-17 ലോകകപ്പിന് ദോഹയിൽ തുടക്കമായി. എട്ട് മൈതാനങ്ങളിലായി മൊത്തം 104 മത്സരങ്ങൾ നടക്കും. ആരാധകർക്ക് ഒരിടത്തുതന്നെ മുഴുവൻ മത്സരങ്ങളും കാണാനുള്ള അവസരമൊരുക്കിയാണ് ഈ പ്രത്യേക ക്രമീകരണം.
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പിന് ദോഹയിൽ തുടക്കമായി. അടുത്ത 25 ദിവസങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ ഫുട്ബോൾ പ്രതിഭകൾ മാറ്റുരക്കുന്നതിന് ഖത്തർ സാക്ഷിയാകും. ആസ്പയർ അക്കാദമിയിലെ എട്ട് മൈതാനങ്ങളിലായി മൊത്തം 104 മത്സരങ്ങൾ നടക്കും. ആരാധകർക്ക് ഒരിടത്തുതന്നെ മുഴുവൻ മത്സരങ്ങളും കാണാനുള്ള അവസരമൊരുക്കിയാണ് ഈ പ്രത്യേക ക്രമീകരണം.
ഇന്നലെ ഉച്ചക്ക് ശേഷം ഖത്തർ സമയം 3.30ന് നടക്കുന്ന ബൊളീവിയ-ദക്ഷിണാഫ്രിക്ക, കോസ്റ്റാറിക്ക-യു.എ.ഇ മത്സരങ്ങളോടെ കൗമാര ലോകകപ്പ് ആരംഭിച്ചു. ആതിഥേയരായ ഖത്തറും പോരാട്ടത്തിനിറങ്ങി. ദക്ഷിണാഫ്രിക്ക, ബൊളീവിയ എന്നിവരും കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് 'എ'യിലാണ് ഖത്തർ. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും റൗണ്ട് ഓഫ് 32 വരെ ദിവസവും എട്ടു മത്സരങ്ങൾ വരെ നടക്കും. ഡേ പാസ്സ് വാങ്ങിയ ആരാധകർക്ക് ഒരേ ദിവസം നിരവധി മത്സരങ്ങൾ ആസ്വദിക്കാം. ഫിജി, അയർലൻഡ്, സാംബിയ, എൽ സാൽവദോർ, ഉഗാണ്ട എന്നീ അഞ്ച് ടീമുകൾ ആദ്യമായി ലോകകപ്പിൽ കളിക്കും. ഫൈനൽ മത്സരം ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് നടക്കുന്നത്. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന കൗമാര ലോകകപ്പാണിത്. രണ്ടു വർഷത്തിലൊരിക്കൽ എന്ന നിലയിൽ നിന്ന് വാർഷിക ടൂർണമെന്റായി മാറിയ ശേഷമുള്ള ലോകപ്പാണിത്. തുടർച്ചയായി 2029 വരെ ഖത്തർ തന്നെ ആയിരിക്കും ടൂർണമെന്റിന് വേദിയാകുന്നത്. ഫിഫ അണ്ടർ 17 ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നമായി ബോമയെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രശസ്ത സെർബിയൻ പരിശീലകൻ വെലിബോർ ബോറ മിലുട്ടിനോവിച്ചിൽ നിന്നാണ് ഈ മസ്‌കോട്ടിന് പ്രചോദനം ലഭിച്ചത്. മത്സര ദിവസങ്ങളിൽ ആരാധകർക്കായി ഉത്സവാന്തരീക്ഷത്തോടെയുള്ള വൈവിധ്യമാർന്ന ഫാൻ സോൺ ഒരുക്കിയിട്ടുണ്ട്. ആസ്പയർ സോണിൽ സജ്ജീകരിക്കുന്ന ഫാൻ സോണിൽ നിരവധി സാംസ്കാരിക പരിപാടികളും ഒരുക്കും. വേദിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുകയും കൂടാതെ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഭക്ഷണശാലകളും തത്സമയ മത്സര പ്രദർശനങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഫാൻ സോണിൽ വൈകിട്ട് 4 മണി മുതൽ 8 വരെ വിവിധ രാജ്യങ്ങളിലെ സാംസ്കാരിക പരിപാടികൾ നടക്കും. നാടോടി നൃത്തങ്ങൾ, ലൈവ് ബാൻഡ് പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും.
ഇ-ഗെയിമിംഗ്, വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ തുടങ്ങിയ പരിപാടികളിലൂടെ യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഭിന്നശേഷിയുള്ള ആരാധകർക്ക് വീൽചെയർ സീറ്റിംഗ്, ഓഡിയോ വിവരണം (ഇംഗ്ലീഷ്, അറബിക്) എന്നിവ ലഭ്യമാകും. കൂടാതെ, സെൻസറി റൂം ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഖത്തർ ഫൗണ്ടേഷൻ, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടോർബ മാർക്കറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഫാൻ സോണിൽ വിവിധ കലാ-കായിക പ്രവർത്തനങ്ങളുമായി പങ്കെടുക്കും. കഥാപ്രസംഗങ്ങൾ, മൂവി നൈറ്റുകൾ, ഫിറ്റ്നസ് ചലഞ്ചുകൾ തുടങ്ങിയവയും ഉണ്ടാകും.
