റെസിഡൻസി ഫീസിൽ ഇളവില്ല. വ്യാജ വാർത്തകൾ തള്ളി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിലവിലുള്ള നിയമങ്ങളിലും നടപടിക്രമങ്ങളിലും മാറ്റമില്ലെന്നും ഫീസുകൾ പൂർണ്ണമായി തന്നെ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: പുതിയ താമസ നിയമപ്രകാരം റെസിഡൻസി ഫീസിൽ ഇളവ് നൽകിയിട്ടുണ്ടെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരു ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. നിലവിലുള്ള നിയമങ്ങളിലും നടപടിക്രമങ്ങളിലും മാറ്റമില്ലെന്നും ഫീസുകൾ പൂർണ്ണമായി തന്നെ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

താമസ രേഖകൾ പുതുക്കുന്നതിനോ പുതിയവ എടുക്കുന്നതിനോ ഉള്ള ഫീസുകളിൽ യാതൊരുവിധ ഇളവുകളും അനുവദിച്ചിട്ടില്ല. നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി ഫീസ് ശേഖരണം തുടരും. നിലവിലുള്ള ഒരേയൊരു ഇളവ് ആരോഗ്യ ഇൻഷുറൻസ് ഫീസിലാണ്. ഇത് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാന പ്രകാരമുള്ളതാണ്. ഈ ഇൻഷുറൻസ് ഇളവ് കുവൈറ്റ് കുടുംബങ്ങൾ സ്പോൺസർ ചെയ്യുന്ന ആദ്യത്തെ മൂന്ന് ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ് ബാധകം. ഈ ഇളവ് റെസിഡൻസി ഫീസിലേക്ക് ബാധകമല്ല. ഔദ്യോഗികമായ അറിയിപ്പുകൾ ഇല്ലാതെ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുൻപ് അവയുടെ കൃത്യത ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും നിർദ്ദേശമുണ്ട്.