പബ്ലിക് ടാക്സികളും വ്യക്തികള്‍ക്കു കീഴിലെ ടാക്സികളുമായും ബന്ധപ്പെട്ട 35 നിയമ ലംഘനങ്ങള്‍ പൊതുഗതാഗത അതോറിറ്റി നിര്‍ണയിച്ചു. ഈ നിയമ ലംഘനങ്ങള്‍ക്ക് 500 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ലഭിക്കും.

റിയാദ്: സൗദി അറേബ്യയില്‍ ടാക്സി കാറുകള്‍ക്കുള്ളില്‍ ഡ്രൈവര്‍മാര്‍ പുകവലിക്കുകയോ യാത്രക്കാരെ പുകവലിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ 500 റിയാല്‍ പിഴ ലഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി. 

പബ്ലിക് ടാക്സികളും വ്യക്തികള്‍ക്കു കീഴിലെ ടാക്സികളുമായും ബന്ധപ്പെട്ട 35 നിയമ ലംഘനങ്ങള്‍ പൊതുഗതാഗത അതോറിറ്റി നിര്‍ണയിച്ചു. ഈ നിയമ ലംഘനങ്ങള്‍ക്ക് 500 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ലഭിക്കും. അംഗീകാരമുള്ള സ്ഥാപനങ്ങള്‍ സാങ്കേതികമായി സജ്ജീകരിച്ച ശേഷം ടാക്സികളില്‍ എന്തെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തല്‍, മുഴുവന്‍ അംഗീകൃത സാങ്കേതിക സജ്ജീകരണങ്ങളും ടാക്സികളില്‍ ഏര്‍പ്പെടുത്താതിരിക്കല്‍, അംഗീകൃത പ്രവര്‍ത്തന കാലാവധിയില്‍ കൂടുതല്‍ കാലം കാര്‍ ഉപയോഗിക്കല്‍, അതോറിറ്റി നിര്‍ണയിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളുമായി ടാക്സിയെ ബന്ധിപ്പിക്കാതിരിക്കല്‍, ലൈസന്‍സ് ലഭിക്കാത്തവര്‍ ടാക്സി ഓടിക്കല്‍, വിദേശ ടാക്സികള്‍ സൗദിയിലെ നഗരങ്ങള്‍ക്കകത്തും നഗരങ്ങള്‍ക്കിടയിലും സര്‍വീസ് നടത്തല്‍-രജിസ്റ്റര്‍ ചെയ്തതല്ലാത്ത രാജ്യത്തേക്ക് സര്‍വീസ് നടത്തല്‍, ലൈസന്‍സ് റദ്ദാക്കിയ ശേഷം കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ തോതില്‍ പിഴ ലഭിക്കും. 

Read Also: മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

ടാക്സി സേവനം നല്‍കാന്‍ വിസമ്മതിക്കല്‍, യാത്രക്കാരന്റെ നിര്‍ത്താനുള്ള ആവശ്യം അവഗണിച്ച് സര്‍വീസ് തുടരല്‍, നിയമാവലി നിര്‍ണയിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ സേവനം നല്‍കാന്‍ വിസമ്മതിക്കല്‍, ഓപ്പറേറ്റിംഗ് കാര്‍ഡ് പുതുക്കാന്‍ കാലതാമസം വരുത്തല്‍, നിയമവിരുദ്ധമായി യാത്രക്കാരെ അന്വേഷിച്ച് റോഡുകളില്‍ ചുറ്റിക്കറങ്ങല്‍, റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേകം നിശ്ചയിച്ച ഫുട്പാത്തുകളില്‍ നിന്നല്ലാതെ യാത്രക്കാരെ കയറ്റല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കാണിച്ചുകൊടുക്കാതിരിക്കല്‍, പുകവലി വിലക്ക് അടക്കം നിയമാവലി അനുശാസിക്കുന്ന വാചകങ്ങളും ബോര്‍ഡുകളും അടയാളങ്ങളും കാറിനകത്ത് സ്ഥാപിക്കാതിരിക്കല്‍, ആശയവിനിമയ സംവിധാന വിവരങ്ങളും ദേശീയ അഡ്രസ്സും ബന്ധപ്പെട്ട അതോറിറ്റിക്ക് നല്‍കാതിരിക്കല്‍-പുതുക്കാതിരിക്കല്‍, പ്രവര്‍ത്തന കാലാവധി അവസാനിക്കുകയോ ഓപ്പറേറ്റിംഗ് കാര്‍ഡ് റദ്ദാക്കുകയോ ചെയ്ത ശേഷം കാറിന്റെ രജിസ്ട്രേഷന്‍ ഇനത്തില്‍ മാറ്റം വരുത്താതിരിക്കല്‍, ലൈസന്‍സ് ലഭിക്കാതെ ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കല്‍, കാലാവധി തീര്‍ന്ന ലൈസന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 1,000 റിയാല്‍ തോതില്‍ പിഴ ലഭിക്കും.