മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് പേൾ ടവർ ബി 5 ൽ താമസിക്കുന്നത്
അജ്മാൻ: യു എ ഇയിലെ അജ്മാനിൽ വമ്പൻ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം. 25 നില കെട്ടിടമായ പേൾ ടവർ ബി 5 ലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് പേൾ ടവർ ബി 5 ൽ താമസിക്കുന്നത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീ പിടിത്തം ഉണ്ടായതിന് പിന്നാലെ ഇവിടുത്തെ താമസക്കാരെ ഒഴിപ്പിച്ചു. തീ പിടിത്തത്തിന് പിന്നാലെ തന്നെ ആളുകളെ ഒഴിപ്പിക്കാൻ സാധിച്ചതിനാൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ സ്ഥലത്തുണ്ടായിട്ടില്ല എന്നാണ് വിലയിരുത്തലുകൾ. തീ പിടുത്തത്തിൽ ആർക്കും വലിയ പരിക്കുകൾ ഏറ്റിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
(ചിത്രം: പ്രതീകാത്മകം)

അതേസമയം ഇന്ന് പുലർച്ചെയും യു എ ഇയിലെ അജ്‍മാനില്‍ വന്‍ തീപിടുത്തം ഉണ്ടായി. പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. നാല് എമിറേറ്റുകളില്‍ നിന്നുള്ള അഗ്നിശമന സേനകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുലര്‍ച്ചെ 3.30 ഓടെ യു എ ഇ അജ്‍മാന്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലുള്ള ഒരു ഓയില്‍ ഫാക്ടറിയില്‍ നിന്ന് തീപടരുകയായിരുന്നുവെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. വളരെ വേഗം പരിസരത്തേക്ക് തീ പടര്‍ന്നു പിടിച്ചു. ആളുകള്‍ താമസിച്ചിരുന്ന ഒരു കെട്ടിടവും ഒരു പ്രിന്റിങ് പ്രസും ഏതാനും വെയര്‍ഹൗസുകളും നിരവധി കാറുകളും അഗ്നിക്കിരയായി. അജ്‍മാന്‍ സിവില്‍ ഡിഫന്‍സിലെ അഗ്നിശമന സേനയ്‍ക്ക് പുറമെ ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നു കൂടി അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
