38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനിലെ 25 സ്റ്റേഷനുകളിൽ 21 സ്റ്റേഷനുകളാണ് മുമ്പ് തുറന്നിരുന്നത്.
റിയാദ്: ബത്ഹയിലേത് ഉൾപ്പടെ അഞ്ച് മെട്രോ സ്റ്റേഷനുകൾ കൂടി തുറന്നതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ ആറിനാണ് ബ്ലൂ ലൈനിലുള്ള ബത്ഹയിലെ നാഷനൽ മ്യൂസിയം, അൽ ബത്ഹ സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചത്. ഇതേ ലൈനിലെ തന്നെ അൽ വുറൂദ് (രണ്ട്) സ്റ്റേഷനും ഓറഞ്ച് ലൈനിലെ ദഹ്റത് അൽ ബദീഅ, അൽ ജറാദിയ എന്നീ സ്റ്റേഷനുകളും ഇേതാടൊപ്പം തുറന്നിട്ടുണ്ട്.
ഗ്രീൻ, ബ്ലൂ ലൈനുകൾ സന്ധിക്കുന്ന ജങ്ഷനാണ് റിയാദ് നാഷനൽ മ്യൂസിയം സ്റ്റേഷൻ. ഇതോട് ചേർന്ന് ബസ് ടെർമിനൽ കൂടിയുണ്ടെങ്കിലും നിർമാണം പൂർത്തിയായിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ അതും പ്രവർത്തനം ആരംഭിക്കും. അതോടെ ട്രെയിൻ യാത്രക്കാർക്ക് നഗരത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകളും ഉപയോഗപ്പെടുത്താനാവും. 38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനിലെ ആകെ 25 സ്റ്റേഷനുകളിൽ 21 സ്റ്റേഷനുകളാണ് നേരത്തെ തുറന്നിരുന്നത്. ഇപ്പോൾ മൂന്നെണ്ണം കൂടി ആരംഭിച്ചു. ഇനി ബാക്കിയുള്ളത് ബത്ഹയോട് ചേർന്നുള്ള ദീരയിലെ ഖസർ അൽ ഹുകും സ്റ്റേഷനാണ്. ബ്ലൂ, ഓറഞ്ച് ലൈനുകൾ സന്ധിക്കുന്ന ജങ്ഷനാണ് ഇത്. ഇതടക്കം ഓറഞ്ച് ലൈനിൽ ഇനി 15 സ്റ്റേഷനുകൾ കൂടി തുറക്കാനുണ്ട്. റിയാദ് മെട്രോയിലെ ആറ് ലൈനുകളിലും കൂടി പ്രവർത്തനം തുടങ്ങാൻ ഇനി അവശേഷിക്കുന്നത് ഇവ മാത്രമാണ്.
Read Also - ഒഴുകിയെത്തിയത് 1.71 കോടി ആളുകൾ; കണക്കുകളിൽ മുന്നേറി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം, യാത്രക്കാർ വർധിച്ചു
നവംബർ 27ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച റിയാദ് മെട്രോയിൽ യാത്രാഗതാഗതം ആരംഭിച്ചത് ഡിസംബർ ഒന്ന് മുതലാണ്. ബ്ലൂ, യെല്ലോ, പർപ്പിൾ എന്നീ മൂന്ന് ട്രാക്കുകളിലാണ് ആദ്യം സർവിസ് ആരംഭിച്ചത്. ഡിസംബർ 15ഓടെ റെഡ്, ഗ്രീൻ ട്രാക്കുകളിലും സർവിസ് തുടങ്ങി. ജനുവരി അഞ്ചിന് ഓറഞ്ച് ട്രാക്കിലും സർവിസ് ആരംഭിച്ചതോടെ റിയാദ് മെട്രോ പദ്ധതി പൂർണമായെങ്കിലും സ്റ്റേഷനുകൾ നിരവധി തുറക്കാൻ ബാക്കിയുണ്ടായിരുന്നു. ആകെ 176 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് ലൈനുകളിലും കൂടി മൊത്തം 85 സ്റ്റേഷനുകളാണുള്ളത്. അതിൽ ഇനി തുറക്കാൻ ബാക്കിയുള്ളത് 15 എണ്ണമാണ്. 452 വാഗണുകൾ ഘടിപ്പിട്ട 190 ട്രയിനുകളാണ് ആറ് ലൈനുകളിലും കൂടി സർവിസ് നടത്തുന്നത്.
