യുഎഇ: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് വിമാനകമ്പനികള്‍ നിര്‍ത്തിവച്ചു. ഇതോടെ മലയാളികളടക്കം നിരവധി പ്രവാസികളുടെ മൃതദേഹങ്ങളാണ് മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് മൂലമോ സംശയാസ്പദമായ സാഹചര്യത്തിലോ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുവരരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം

മരണ സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൃതദേഹങ്ങള്‍ കൊണ്ടുവരരുതെന്ന് പ്രത്യേകം പരാമശിക്കുന്നെങ്കിലും കോണ്‍സുലേറ്റില്‍ നിന്നടക്കം നിയമ നടിപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്തിച്ചവരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ കേന്ദ്രങ്ങളില്‍ നിന്നും മടക്കി അയച്ചു. ഗൾഫിൽ നിന്ന് മൃതദേഹം കൊണ്ട് വരരുതെന്ന് വിമാന കമ്പനികൾക്കും ഇന്ത്യയിലെ വിമാനത്താവളങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നല്‍കിയതായാണ് കാര്‍ഗോയെ സമീപിച്ച പ്രവാസികള്‍ക്ക് ലഭിച്ച മറുപടി.

Read more: പ്രവാസികൾ വിദേശത്ത് മരിച്ചാൽ മൃതദേഹം എത്തിക്കുന്നതിന് കേന്ദ്രനിർദേശം വിലങ്ങുതടി

ദുബായ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിരവധി മലയാളികളുടെ മൃതദേഹങ്ങളാണ് ഇതിനകം മടക്കി അയച്ചത്. കഴിഞ്ഞ ദിവസം കുവൈത്തിൽ മരിച്ച കോഴിക്കോട് മാവേലിക്കര സ്വദേശികളുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിരുന്നെങ്കിലും അവസാന നിമിഷം ഇന്ത്യൻ വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതായി വിമാനകമ്പനി അറിയിച്ചു. ഇന്നലെ വൈകിട്ട് യുഎഇയില്‍ നിന്ന് ചെന്നൈയിലെത്തിച്ച രണ്ടു മൃതദേഹം ഇതുവരെ പുറത്തിറക്കിയിട്ടില്ല. മൃതദേഹങ്ങള്‍ ദുബായിയിലേക്ക് തിരിച്ചയക്കുമെന്നാണ് എമിഗ്രേഷനില്‍ നിന്ന് ലഭ്യമായ വിവരം.