സലാലയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് ഫ്ലൈനാസ്.
മസ്കറ്റ്: സൗദി അറേബ്യയില്‍ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് ഫ്ലൈനാസ്. ഖരീഫ് സീസണിന് മുന്നോടിയായാണ് ഫ്ലൈനാസ് പുതിയ സര്‍വീസുകള്‍ തുടങ്ങിയത്. ഖരീഫ് സീസണിൽ ദോഫാർ മേഖലയിലേക്ക് യാത്രക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
സൗദിയിലെ പ്രധാന നഗരങ്ങളെയും സലാല വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഫ്ലൈനാസിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര റൂട്ടുകള്‍ ആരംഭിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് പ്രഖ്യാപിച്ചിരുന്നു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നാണ് സലാലയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഫ്ലൈനാസ് തുടങ്ങിയത്. സലാലയിലേക്ക് ആകെ ആഴ്ചയില്‍ 16 വിമാന സര്‍വീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒമാന്‍ എയര്പോര്ട്സുമായും ട്രാന്സോമുമായും സഹകരിച്ചാണ് സര്‍വീസ്.
