റിയാദ്: സൗദി അറേബ്യയില്‍ ദീര്‍ഘകാലം പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി നാട്ടില്‍ മരിച്ചു. നാല് പതിറ്റാണ്ട് കാലം ജിദ്ദയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അലവി ആറുവീട്ടിലാണ് കാന്‍സര്‍ ബാധിച്ചു കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികത്സയില്‍ കഴിയവെ മരിച്ചത്. ചികിത്സക്കിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം. ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദ് മഖ്ബറയില്‍ നടക്കും.

ജിദ്ദയില്‍ ദീര്‍ഘകാലം അത്താര്‍ ട്രാവല്‍സ് ഓപ്പറേഷന്‍ മാനേജറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി ഘടകത്തിന് വിത്ത് പാകിയവരില്‍ പ്രധാനിയായിരുന്നു. ഇന്ന് വിവിധ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി എന്ന കോണ്‍ഗ്രസ് പോഷക സംഘടനയുടെ തുടക്കം ഐ.സി.സി എന്ന സംഘടനയില്‍ നിന്നായിരുന്നു. ഐ.സി.സി സംഘടന രുപീകരിച്ച സമയം മുതല്‍ ശരീരികമായും സമ്പത്തികമായും സഹായിച്ച മഹത് വ്യക്തിയായിരുന്നു അലവി ആറുവീട്ടില്‍. നിലവില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി, വണ്ടുര്‍ സഹ്യ പ്രവാസി കോഒപ്പറേറ്റിവ് സെസൈറ്റി എന്നിവയില്‍ അംഗമാണ്.

സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (സിഫ്) ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ആക്ടിംഗ് പ്രസിഡന്റ് എന്നീ പദവികളും ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആക്ടിംഗ് ചെയര്‍മാന്‍, എം.ഇ.എസ് ജിദ്ദ ചാപ്റ്റര്‍ ഭാരവാഹി പദവികളും വഹിച്ചിരുന്നു. കൂടാതെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി കൂടിയായിരുന്നു ഇദ്ദേഹം. 2019 ജൂണ്‍ മാസമാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. അലവി ആറുവീട്ടിലിന്റെ നിര്യാണത്തില്‍ ജിദ്ദയിലെ വിവിധ സംഘടനാ നേതാക്കള്‍ അനുശോചനം അറിയിച്ചു.