വര്‍ഷങ്ങളായി ടിക്കറ്റ് വാങ്ങുകയും നറുക്കെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഇവര്‍ എന്നെങ്കിലും സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.  

അബുദാബി: യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റിലൂടെ നിരവധി പേരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങളുണ്ടായത്. ഇതില്‍ ഏറെയും പ്രവാസികളും അതില്‍ തന്നെ മലയാളികളുമാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ഈ മാസം വിവിധ ദിവസങ്ങളില്‍ നടത്തിയ നറുക്കെടുപ്പില്‍ നാല് മലയാളികളാണ് സ്വര്‍ണം സമ്മാനമായി നേടിയത്. 80,000 ദിര്‍ഹം (19 ലക്ഷത്തോളം രൂപ) വിലമതിക്കുന്ന 250 ഗ്രാം (24 കാരറ്റ്) സ്വര്‍ണക്കട്ടിയാണ് നാല് മലയാളികളും ഒരു യുഎഇ സ്വദേശിനിയും സ്വന്തമാക്കിയത്. 

കുവൈത്തിൽ ജോലി ചെയ്യുന്ന പണിക്കവീട്ടിൽ ഇബ്രാഹിം കുട്ടി ഫൈസല്‍ (50), ദുബൈയിൽ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള(53), അബുദാബിയിൽ ജോലി ചെയ്യുന്ന പനച്ചക്കുന്നിൽ ഗോപിനാഥ് അജിത്(46), മസ്കത്തിൽ ജോലി ചെയ്യുന്ന പിള്ളൈ രാജൻ (60), ഖത്തറിൽ ജോലി ചെയ്യുന്ന ഷാബിൻ നമ്പോലന്‍റവിട(37) എന്നിവരാണ് സമ്മാനം നേടിയ മലയാളികള്‍. ഇവര്‍ക്ക് പുറമെ യുഎഇ സ്വദേശിനിയായ സഫ അൽ ഷെഹിയും സ്വര്‍ണ സമ്മാനം നേടി. 

കുവൈത്തിൽ ഓയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന ഫൈസൽ കഴിഞ്ഞ നാല് വർഷമായി 10 സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ഫൈസലിനും സുഹൃത്തുക്കൾക്കും ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുന്നത് ഇത് ആദ്യമാണ്. ആറ് സുഹൃത്തുക്കൾക്കൊപ്പം മൂന്നു വർഷമായി ബി​ഗ് ടിക്കറ്റില്‍ പങ്കെടുക്കുകയാണ് ദുബൈയിൽ ബിസിനസ് ചെയ്യുന്ന പ്രസാദ്. സമ്മാനം നേടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് പ്രസാദ് കരുതിയത്. വീണ്ടും പരിശോധിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു. 

Read Also -  4110 റിയാല്‍ ശമ്പളവും അലവന്‍സും; സൗജന്യ വിസയും ടിക്കറ്റും താമസസൗകര്യവും, സൗദിയിൽ മികച്ച തൊഴിലവസരം

അജിത് വെൽഡിങ് ഫോർമാൻ ആണ്. അബുദാബിയിലാണ് മൂന്നു വർഷമായി താമസം. എല്ലാ മാസവും ആറ് സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കും. തനിക്ക് ലഭിച്ച സ്വർണ്ണം ഉപയോ​ഗിച്ച് കൂടുതൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്താനാണ് അജിത് ആ​ഗ്രഹിക്കുന്നത്. ​ മുംബൈയിൽ നിന്നുള്ള ആർക്കിടെക്ച്ചറൽ ഡിസൈനറാണ് രാജൻ. മസ്കറ്റിലാണ് താമസിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം 12 വർഷമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നു. തനിക്ക് ലഭിച്ച സ്വർണ്ണക്കട്ടി വിൽക്കാനാണ് രാജൻ തീരുമാനിച്ചിരിക്കുന്നത്.

സെയിൽസ് എക്സിക്യൂട്ടീവ് ആയി ഖത്തറിൽ ജോലി നോക്കുന്ന ഷാബിൻ ആറ് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് ​ഗെയിം കളിക്കുന്നത്. യുഎഇ സ്വദേശിനിയായ സഫ 2021 മുതൽ ബി​ഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ട്.

(ഫോട്ടോ- ഫൈസൽ.(ഇടത്), ഷാബിൻ (വലത്).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം