കുവൈത്തിൽ 11.5 ലക്ഷം ദിനാർ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി നാലുപേർ പിടിയിൽ. രാജ്യത്തിനകത്ത് നിന്ന് രണ്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്നാമൻ പൗരത്വമില്ലാത്ത വ്യക്തിയാണ്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിവസ്തുക്കൾ കൈവശം വെച്ച നാല് പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തും സൈക്കോട്രോപിക് വസ്തുക്കളുടെ കള്ളക്കടത്തും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ രണ്ട് വ്യത്യസ്ത കേസുകളിലായാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. സഅദ് അൽ-അബ്ദുള്ള, അബ്ദുള്ള അൽ മുബാറക്, ഹവല്ലി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് അധികൃതർ തകർത്തത്.
രാജ്യത്തിനകത്ത് നിന്ന് രണ്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്നാമൻ പൗരത്വമില്ലാത്ത വ്യക്തിയാണ്. ഈ ശൃംഖല നിയന്ത്രിച്ചിരുന്നത് യുകെയിൽ താമസിക്കുന്ന മറ്റൊരു പൗരത്വമില്ലാത്ത വ്യക്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റെയ്ഡിൽ ഉദ്യോഗസ്ഥർ 25 കിലോഗ്രാം കഞ്ചാവ്, 100 ലൈറിക ഗുളികകൾ, 2 ഗ്രാം ഷാബു, 10 ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തു. രണ്ടാമത്തെ കേസിൽ, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഒരു ഗൾഫ് പൗരനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തു. വിതരണത്തിനായി കൊണ്ടുവന്ന 5,00,000 കാപ്റ്റഗൺ ഗുളികകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.


