ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പൊലീസിന്‍റെ പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് കാത്തുനിന്നത്. . 90 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതമാണ് പിടിയിലായത്.
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 90 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരനെ പൊലീസ് സംഘം പിടികൂടി. മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി ഫസലുറഹ്‌മാന്‍ (35) ആണ് പിടിയിലായത്. 843 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാവിലെ ജിദ്ദയിൽ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് സ്വര്‍ണമിശ്രിതവുമായി പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം രാവിലെ വിമാനത്താവളത്തിന് പുറത്തെത്തിയതാണ്. എന്നാല്‍ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫസലുറഹ്‌മാനെ കാത്തുനിന്ന കരിപ്പൂര്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധരിച്ചിരുന്ന സോക്‌സിനകത്ത് കാല്‍പ്പാദങ്ങള്‍ക്ക് അടിയിലായി ഒളിപ്പിച്ചാണ് സ്വര്‍ണമിശ്രിതം കടത്താൻ ശ്രമിച്ചത്. എന്നാല്‍ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു.
ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ബാഗേജും ശരീരവും വിശദമായി പരിശോധിച്ചപ്പോഴാണ് കാല്‍പ്പാദനത്തിന് അടിയിലൊളിപ്പിച്ച നിലയില്‍ രണ്ട് പാക്കറ്റ് സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.


