ടിക്കറ്റും ബുക്ക് ചെയ്ത് എയർപോർട്ടിലെത്തിയപ്പോൾ തടഞ്ഞ് ജീവനക്കാർ. യാത്രക്കാരന് 1.1 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി. പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമാണുള്ളതെന്നും യാത്ര രേഖയിൽ രണ്ട് വാക്കുകളുള്ള പേര് ഉണ്ടായിരിക്കണമെന്നും ജീവനക്കാർ അറിയിച്ചു.
ചെന്നൈ: പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള ചെന്നൈ സ്വദേശിക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചത് ഗൾഫ് എയറിന് തിരിച്ചടിയായി. സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി യാത്രക്കാരന് നഷ്ടപരിഹാരമായി എയർലൈൻസ് 1.1 ലക്ഷം രൂപ നൽകണമെന്ന് ചെന്നൈയിലെ ഉപഭോക്തൃ ഫോറം ബുധനാഴ്ച ഉത്തരവിട്ടു. വേപ്പേരി സ്വദേശിയും മുൻ എംഎൽഎയും അഭിഭാഷകനുമായ നിസാമുദ്ദീൻ നൽകിയ പരാതിയിലാണ് വിധി വന്നത്.
2023 ഫെബ്രുവരി 9ന് മോസ്കോയിൽ നിന്ന് ദുബൈയിലേക്ക് ഗൾഫ് എയർ വിമാനത്തിൽ അടുത്ത ദിവസം നടക്കാനിരുന്ന അത്യാവശ്യ മീറ്റിംഗിനായി യാത്ര ചെയ്യേണ്ടതായിരുന്നു ഇദ്ദേഹം. മോസ്കോ വിമാനത്താവളത്തിൽ വെച്ച് യുഎഇ ഗവൺമെന്‍റ് പുറത്തിറക്കിയ ഗ്രൗണ്ട് ഓപ്പറേഷൻസ് അറ്റൻഷൻ നോട്ടീസ് ഉദ്ധരിച്ചുകൊണ്ട് എയർലൈൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടഞ്ഞു. പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമാണുള്ളതെന്നും യാത്ര രേഖയിൽ രണ്ട് വാക്കുകളുള്ള പേര് ഉണ്ടായിരിക്കണമെന്നും അവർ അറിയിച്ചു.
ദീർഘനേരം തന്നെ കാത്തിരിപ്പിക്കുകയും വ്യക്തമായ മറുപടി നൽകാതിരിക്കുകയും ചെയ്തുവെന്ന് നിസാമുദ്ദീൻ ആരോപിച്ചു. ബുക്കിംഗ് ഏജന്‍റിന്‍റെ പിഴവാണ് പ്രശ്നത്തിന് കാരണമെന്ന് ഗൾഫ് എയർ ജീവനക്കാർ പറഞ്ഞു. എന്നാൽ, യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ എന്തുകൊണ്ട് അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഗൾഫ് എയറിന്‍റെ പ്രശ്‌നങ്ങൾക്ക് ശേഷം അന്ന് തന്നെ എയർ അറേബ്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യുഎഇയിൽ എത്താൻ നിസാമുദ്ദീന് സാധിച്ചു. തുടര്‍ന്ന് സേവനത്തിലെ വീഴ്ച ആരോപിച്ച് അദ്ദേഹം ചെന്നൈ (നോർത്ത്) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
തെളിവുകൾ വിശകലനം ചെയ്ത കമ്മീഷൻ, പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള യാത്രക്കാർക്ക്, അവരുടെ അച്ഛന്‍റെ പേരോ കുടുംബപ്പേരോ പാസ്‌പോർട്ടിന്‍റെ മറ്റൊരു പേജിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ യാത്ര ചെയ്യാൻ അനുമതി നൽകാമെന്ന് യുഎഇ ഗവൺമെന്‍റ് നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ഗൾഫ് എയറിന്‍റെ ഈ നടപടി യാത്രക്കാരന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി വിലയിരുത്തിയ കമ്മീഷൻ, നഷ്ടപരിഹാരമായി യാത്രക്കാരന് ടിക്കറ്റ് തുകയും 9% വാർഷിക പലിശയും നൽകണമെന്ന് ഉത്തരവിട്ടു. സേവനത്തിലെ വീഴ്ചക്ക് നഷ്ടപരിഹാരമായി 1 ലക്ഷം രൂപയും നിയമനടപടി ചെലവിനായി 10,000 രൂപയുമാണ് നല്‍കേണ്ടത്. ഇങ്ങനെ മൊത്തം 1,10,000 രൂപയും ടിക്കറ്റ് തുകയും പലിശയും നൽകാനാണ് ഉത്തരവിട്ടിട്ടുള്ളത്.


