സൗദിയുടെ മുഖം മിനുക്കാന്‍ ‘മറാഫി’; കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട് 11 കിലോമീറ്റർ വലിപ്പത്തിൽ പുതിയ നഗരം
പുതിയ നഗരത്തില്‍ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും.

റിയാദ്: കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട് 11 കിലോമീറ്റർ വലിപ്പത്തിൽ ജിദ്ദയിൽ പുതിയ നഗരം വരുന്നു. ജിദ്ദയുടെ വടക്കുഭാഗത്തായി ‘മറാഫി’ എന്ന പേരിൽ നിർമിക്കുന്ന നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും. സൗദി പബ്ലിക് ഇൻവെസ്റ്റമെൻറ് ഫണ്ടിന് കിഴിലുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ റോഷൻ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
1,30,000 ലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള നഗരമായിരിക്കുമിത്. 11 കിലോമീറ്ററോളം ദൈർഘ്യമുള്ള വെള്ളവും നൗകകളുമൊഴുകുന്ന കൃത്രിമ കനാൽ സൃഷ്ടിച്ച് അതിെൻറ കരയിലായിരിക്കും നഗരം പണിയുക. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര, വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജിദ്ദ നഗരത്തിെൻറ ഭൂപ്രകൃതി വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജീവിത നിലവാരം ഉയർത്തുന്നതിനും ജിദ്ദയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, പൊതു, വിനോദ, പാർപ്പിട കെട്ടിടങ്ങൾ പദ്ധതിക്ക് കീഴിലുണ്ടാകും.
സൗദിയിലെ നഗരങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൃത്രിമ ജല കനാലായിരിക്കും ഇത്. ചിക്കാഗോ, സ്റ്റോക്ക്‌ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലുള്ള ജലാശയങ്ങൾക്ക് തുല്യമായിരിക്കും. കനാൽ നിർമിക്കുന്നതോടെ സമുദ്ര പരിസ്ഥിതി ഈ ചരിത്ര നഗരത്തിെൻറ ഹൃദയത്തിലേക്ക് പ്രവേശിക്കും. ഒരു വശത്ത് വീടുകളെയും പാർപ്പിട സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന ജല-നഗര ഇടനാഴിയും മറുവശത്ത് പ്രകൃതി, വാണിജ്യ, വിനോദ കേന്ദ്രങ്ങളും ജീവിതശൈലി മെച്ചപ്പെടുത്തുന്ന കെട്ടിടങ്ങളുമായിരിക്കും.
താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്ന ലോകോത്തര താമസ, വാണിജ്യ, വിനോദ സ്ഥലങ്ങൾ കൊണ്ട് സജ്ജീകരിക്കുന്ന ഒരു പുതിയ നഗര കേന്ദ്രം നിർമിച്ച് ജിദ്ദ നഗരത്തിെൻറ പദവി ഉയർത്താനും പിന്തുണയ്ക്കാനുമാണ് ഈ പദ്ധതി. ജിദ്ദയിലെ പുതിയ ലാൻഡ്‌മാർക്കുകളിൽ ഒന്നായി ഇത് മാറും. തനതായ സവിശേഷതകളുള്ള നിരവധി സംയോജിത പാർപ്പിട, വാണിജ്യ മേഖലകൾ മറാഫിയിൽ ഉണ്ടാകും. ‘റോഷൻ ഗ്രൂപ്പ്’ നിലവിൽ ജിദ്ദയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ഇൻറഗ്രേറ്റഡ് റെസിഡൻഷ്യൽ പ്രോജക്റ്റായ ‘അൽഅറൂസ്’ പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കും.
‘മറാഫി’ പദ്ധതിയുടെ വികസനം ജിദ്ദയുടെ നഗര ഭൂപ്രകൃതിയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും. ഏറ്റവും പുതിയ നിർമാണ സാങ്കേതികവിദ്യകൾക്കൊപ്പം ചരിത്രനഗരമായ ജിദ്ദയുടെ സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകവും സംരക്ഷിക്കുന്നതായിരിക്കും. കനാലിനാൽ ചുറ്റപ്പെട്ട ‘മറാഫി’ പ്രദേശങ്ങളെ ജിദ്ദയുടെ ബാക്കി ഭാഗങ്ങളുമായി വാട്ടർ ടാക്സികൾ, ബസ് സർസിസുകൾ, മെട്രോ സ്റ്റേഷൻ, കിങ് അബ്ദുൽ അസീസ് വിമാനത്താവളം എന്നിവയുമായി നേരിട്ട് ബഹുമുഖ ഗതാഗത സംവിധാനത്തിലൂടെ ബന്ധിപ്പിക്കും.
മറാഫി പദ്ധതി ജിദ്ദയുടെ വടക്ക് ഭാഗത്തിന് പുതിയ മുഖം നൽകുമെന്ന് റോഷൻ ഗ്രൂപ്പ് സി.ഇ.ഒ ഡേവിഡ് ഗ്രോവർ പറഞ്ഞു. ജിദ്ദയെ ആഗോള നഗരങ്ങളുടെ നിരയിൽ എത്തിക്കുന്നതിന് പ്രകൃതിവിഭവങ്ങളുടെ നിക്ഷേപത്തിനും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾക്കും ഇത് സംഭാവന നൽകും. ഊർജ്ജസ്വലമായ ഒരു സമൂഹവും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയും സൃഷ്ടിക്കുന്നതിനുള്ള ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...