ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു.

ദോഹ: ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നോണ്‍ സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക.

ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ആഴ്ചയില്‍ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുള്ളത്. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് മാത്രമാണ് ദോഹ-തിരുവന്തപുരം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്. 

Read Also - വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍, 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌

വിമാന ടിക്കറ്റ് നിരക്കിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

ദില്ലി: ഗള്‍ഫ് നാടുകളിലേക്കും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുകയാണ് പ്രവാസി മലയാളികള്‍. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ഇത് നിരസിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി. 

ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്നും വ്യോമയാന മന്ത്രി മറുപടിയിൽ വ്യക്തമാക്കി. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മാർച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...