കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുകയാണ്.

ദോഹ: ഖത്തറില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.

പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 ഖത്തര്‍ റിയാലാണ് വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 ഖത്തര്‍ റിയാലാണ് വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് ഒക്ടോബര്‍ മാസത്തിലെ വില. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം പ്രീമിയം പെട്രോള്‍ നിരക്ക് 2.05 റിയാലിനും 1.90 റിയാലിനും ഇടയിലാണ്.

Read Also-  ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ ഒറ്റ വിസ; ടൂറിസ്റ്റുകള്‍ ഒഴുകിയെത്തും, സൗദിക്ക് വലിയ രീതിയിൽ ഗുണം ചെയ്യും

അതേസമയം യുഎഇയില്‍ ഇന്ധനവില ഉയര്‍ന്നു. ഇന്ധനവില നിര്‍ണയ സമിതിയാണ് ഒക്ടോബര്‍ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.44 ദിര്‍ഹമാണ് പുതിയ വില. സെപ്തംബറില്‍ ഇത് 3.42 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.33 ദിര്‍ഹമാണ് പുതിയ നിരക്ക്. 3.31 ദിര്‍ഹമായിരുന്നു സെപ്തംബറില്‍. ഇ പ്ലസ് 91 പെട്രോളിന് ഒക്ടോബര്‍ മുതല്‍ 3.26 ദിര്‍ഹമാണ് വില. 3.23 ദിര്‍ഹമായിരുന്നു സെപ്തംബറില്‍. ഡീസലിന് 3.57 ദിര്‍ഹമാണ് പുതിയ നിരക്ക്. സെപ്തംബര്‍ മാസത്തില്‍ ഇത് 3.40 ദിര്‍ഹമായിരുന്നു. പെട്രോളിന് ലിറ്ററിന് രണ്ട് ഫില്‍സും ഡീസലിന് 17 ഫില്‍സുമാണ് കൂടിയത്. 

Read Also - ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ ക്യാമറ പിടികൂടും; നിരീക്ഷണം നാളെ മുതൽ

വിവിധ നിയമലംഘനങ്ങള്‍; രണ്ടു ദിവസത്തിനിടെ 36 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലീസ് 

ദുബൈ: വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 36 വാഹനങ്ങള്‍ ദുബൈ പൊലീസ് ട്രാഫിക് പട്രോളിങ് വിഭാഗം പിടിച്ചെടുത്തു. രണ്ടു ദിവസങ്ങളിലായാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിക്കുക, വാഹനത്തിന്റെ എഞ്ചിനിലോ രൂപത്തിലോ മാറ്റം വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, അവ്യക്തമായ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുക, പൊതു റോഡുകളില്‍ മാലിന്യം തള്ളുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

2023ലെ ഉത്തരവ് പ്രകാരം ഇത്തരം നിയമ ലംഘനങ്ങള്‍ പൊലീസ് കര്‍ശനമായി കൈകാര്യം ചെയ്യുമെന്ന് കേണല്‍ അല്‍ ഖാഇദി പറഞ്ഞു. വാഹനം പിടിച്ചെടുത്താല്‍ ഇവ വിട്ടു കൊടുക്കുന്നതിനുള്ള പിഴ 50,000 ദിര്‍ഹം വരെയാകാം. ജീവന്‍ അപകടത്തിലാക്കുകയോ റോഡുകള്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കലും തടവുശിക്ഷയും ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സേവനത്തിലൂടെയോ 901 എന്ന നമ്പരില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...