ഇന്ധനവില നിര്‍ണയിക്കുന്ന സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്.
അബുദാബി: യുഎഇയില്‍ സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില നിര്‍ണയിക്കുന്ന സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ 3.14 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് അടുത്ത മാസം മുതല്‍ 3.31 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ 3.02 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.23 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു.
2015 മുതല്‍ അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. ഇതിനായി ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്.
Read Also - സൗദിയുടെ മുഖം മിനുക്കാന്‍ ‘മറാഫി’; കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട് 11 കിലോമീറ്റർ വലിപ്പത്തിൽ പുതിയ നഗരം
ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഞായറാഴ്ച ഭൂമിയിലേക്ക്
ദുബൈ: യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അന്‍ നെയാദി സെപ്തംബര്‍ മൂന്നിന് (ഞായറാഴ്ച) ഭൂമിയില്‍ തിരിച്ചെത്തുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു. വെള്ളിയാഴ്ച തിരിച്ചെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് യാത്ര രണ്ടു ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു.
ആറുമാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയിലേക്ക് തിരിക്കുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്‍ഡ്രി ഫെദീവ് എന്നിവരാണ് അല്‍ നെയാദിക്കൊപ്പം ഭൂമിയിലേക്ക് മടങ്ങുന്നത്. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ സെപ്തംബര്‍ രണ്ടിന് ഇവര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് യാത്ര തിരിക്കും.
സെപ്തംബര്‍ മൂന്നിന് ഫ്‌ലോറിഡിലെ താംപ തീരത്ത് പേടകം ലാന്‍ഡ് ചെയ്യും. ആറു മാസത്തെ ദൗത്യത്തിനായി അല്‍ നെയാദി ഉള്‍പ്പെട്ട നാലംഗ ക്രൂ-6 സംഘം കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ക്രൂ-6ന് പൂര്‍ത്തിയാക്കാനാവാത്ത ജോലികള്‍ കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തില്‍ എത്തിയ ക്രൂ-7നെ ഏല്‍പ്പിച്ചാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ലാന്‍ഡിങിന് മുന്നോടിയായി കാലാവസ്ഥ പ്രവചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാസ വിലയിരുത്തി വരികയാണ്. ഇതിനകം 200ഓളം പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുഎഇ സര്‍വകലാശാലകള്‍ക്ക് വേണ്ടി 19 പരീക്ഷണങ്ങളും ഇതില്‍പ്പെടും. ഗുരുത്വാകര്‍ഷണം കുറഞ്ഞ സാഹചര്യത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നതായിരുന്ന പ്രധാന പരീക്ഷണം.
