തേജ് ചുഴലിക്കാറ്റ്; ഒമാനില്‍ കനത്ത മഴ, ദോഫാറിൽ 69 ദുരിതാശ്വാസ കേന്ദ്രങ്ങൾ
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി രണ്ട് ആയി ചുരുങ്ങിയിട്ടുണ്ട്.

മസ്കറ്റ്: തേജ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു. അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി രണ്ട് ആയി ചുരുങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇത് സലാല നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് തേജ് ചുഴലിക്കാറ്റിന്റെ തീവ്രത കാറ്റഗറി രണ്ടിലേക്ക് ചുരുങ്ങിയതായി ഒമാൻ ടെലിവിഷൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തേജ് ചുഴലിക്കാറ്റ് കാറ്റഗറി ഒന്നിലേക്ക് കുറയാനുള്ള സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
Read Also - തേജ് ചുഴലിക്കാറ്റ്; പൊതു-സ്വകാര്യ മേഖല ജീവനക്കാർക്ക് രണ്ട് ദിവസം അവധി, പ്രഖ്യാപനവുമായി ഒമാന്‍
ദോഫാർ ഗവര്‍ണറേറ്റില്‍ 69 ദുരിതാശ്വാസ കേന്ദ്രങ്ങളാണുള്ളത്. 15,000 പേരെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന 69 ദുരിതാശ്വാസ കേന്ദ്രങ്ങൾ ദോഫാർ ഗവർണറേറ്റിൽ തയ്യാറായി കഴിഞ്ഞു. ഇതുവരെ 30 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി കഴിഞ്ഞു , അതിൽ 840 ഒമാൻ പൗരന്മാരും 3,631സ്ഥിര താമസക്കാരും ഉൾപ്പെടെ 4,471 പാർപ്പിച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
അതേസമയം ചില റൂട്ടുകളിൽ ബസ്, ഫെറി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി മുവാസലാത്ത് ഇന്നലെ അറിയിച്ചിരുന്നു. മസ്‌കത്ത്-ഹൈമ-സലാല , മസ്‌കത്ത്-മർമുൽ- സലാല) എന്നീ സർവീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. അൽ ഹലാനിയത്ത്-താഖ റൂട്ടിൽ ഫെറി സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.
തേജ് ചുഴലിക്കാറ്റിന്‍റെ ആഘാതം നേരിടുന്നതിന്‍റെ തയ്യാറെടുപ്പിനായി ദോഫാർ ഗവർണറേറ്റിലെ ഹലാനിയത്ത് ദ്വീപുകളിലെയും, സലാല, രഖ്യുത്, ധൽകോട്ട് എന്നീ വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാൻ ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎം) തീരുമാനിച്ചിരുന്നു. തേജ് ചുഴലിക്കാറ്റ് മൂലം ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടുവാൻ ഒമാൻ ദുരന്ത നിവാരണ സമതി തയ്യാറായി കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...