15 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് ഭാര്യയെ കൂടാതെ പ്രവേശനം അനുവദിക്കുക.

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി മെഡിക്കൽ സ്റ്റാഫിന് ഫാമിലി വിസ ലഭിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പച്ചക്കൊടി. ഭാര്യക്കും കുട്ടികൾക്കും വ്യവസ്ഥകളോടെ വിസ അനുവദിക്കുമെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ പ്രവാസികള്‍ പ്രതീക്ഷയിലാണ്. പ്രവാസി മെഡിക്കൽ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദിയുടെ അഭ്യർത്ഥന ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അംഗീകരിച്ചിട്ടുണ്ട്. 15 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് ഭാര്യയെ കൂടാതെ പ്രവേശനം അനുവദിക്കുക.

വിവിധ മേഖലകളിൽ രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള വൈദഗ്ധ്യമുള്ളവരുടെ മടങ്ങിപ്പോക്കിനെ തടയാൻ ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് മെഡിക്കൽ സ്റ്റാഫ്, കൺസൾട്ടന്റുകൾ, അപൂർവ സ്പെഷ്യലൈസേഷൻ ഉള്ളവർ എന്നിവര്‍ക്ക് ഫാമിലി വിസ അനുവദിച്ചാല്‍ അവര്‍ക്ക് കുവൈത്തില്‍ തന്നെ തുടരാനാകും. എന്നാല്‍ വിസ അനുവദിക്കുന്നതിനെക്കുറിച്ചോ പുനരാരംഭിക്കുന്ന തീയതിയെക്കുറിച്ചോ ആഭ്യന്തര മന്ത്രാലയം ഒരു നിർദ്ദേശവും ഔദ്യോഗികമായി നൽകിയിട്ടില്ല.

Read Also -  വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം, 200 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാനും പുതിയ നിയമം

മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ സൗദിയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം

റിയാദ്: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ട് വരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം വിസക്ക് മാത്രം ഈ നിബന്ധന. മറ്റ് വിസിറ്റ് വിസകളിൽ നിന്ന് ടൂറിസം വിസയെ വ്യത്യസ്തമാക്കുന്ന ഈ പ്രത്യേകത അറിയാതെ ചിലരൊക്കെ വന്ന് കുടുങ്ങുന്ന അനുഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ടൂറിസം വിസയൊഴികെ മേൽപ്പറഞ്ഞ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകളിലെല്ലാം ഒരു വർഷം വരെ രാജ്യത്ത് തങ്ങാൻ കഴിയും. 90 ദിവസം പൂർത്തിയാകും മുമ്പൊന്ന് പുറത്തുപോയി വരണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം. എന്നാൽ ഇൗ സൗകര്യം ടൂറിസം വിസക്കില്ല എന്ന് അറിയാതെ കുടുംബങ്ങളടക്കമാണ് വന്ന് കുടുങ്ങിയത്.

ടൂറിസം വിസ സംബന്ധിച്ച അറിയിപ്പുകളിൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കുന്നില്ല. ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരികയും പുറത്തുപോവുകയും ചെയ്യാം. പക്ഷേ അങ്ങനെ വരുന്ന ദിവസങ്ങളെല്ലാം കൂടി കൂട്ടിയാൽ 90 ദിവസത്തിൽ കൂടാൻ പാടില്ല. അതായത് ടൂറിസം വിസയിൽ വന്ന് ഒറ്റത്തവണയായി 90 ദിവസം വരെ തങ്ങാം, അല്ലെങ്കിൽ അത് ചെറിയ ഘടകങ്ങളാക്കി വീതിച്ച് ഒരു വർഷത്തിനിടയിൽ പലതവണ വരുകയും പോവുകയും ചെയ്യാം. 90 ദിവസത്തിൽ കൂടിയാൽ രാജ്യത്തിന് അകത്താണെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 100 സൗദി റിയാൽ വെച്ച് പിഴ നൽകേണ്ടി വരും. ഈ തുക അടച്ചതിന് ശേഷമേ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനാകൂ.

Read Also -  ബ്രിക്സ് അംഗത്വം; ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും

വിസയുടെ കൃത്യമായ വിവരം മനസ്സിലാക്കാതെ സാധാരണ ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പോലെ എത്ര ദിവസം വേണമെങ്കിലും തങ്ങാം എന്ന ധാരണയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ഇന്ത്യക്കാർക്ക് ടൂറിസം വിസ ഓൺലൈനായി ലഭിക്കുന്നത് മറ്റ് ജി.സി.സി രാജ്യങ്ങളിൽ താമസ രേഖയുള്ളവർക്കാണ്. ഇതിന് പുറമെ അമേരിക്ക, യു.കെ, ഷെങ്കൺ രാജ്യങ്ങളിലെ വിസയുള്ളവർക്കും ഇ-വിസ ലഭിക്കും. ഇതൊന്നുമില്ലാതെ നേരിട്ടൊരാൾക്ക് ഇന്ത്യയിൽ നിന്ന് ടൂറിസം വിസയിൽ സൗദിയിലെത്തണമെങ്കിൽ ഓൺലൈനിൽ അപേക്ഷ നൽകി ആവശ്യമായ രേഖകൾ വി.എഫ്.എസ് കേന്ദ്രത്തിൽ ഹാജരാക്കി വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി പൂർത്തിയാക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...