Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ ഉച്ചജോലിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു

ജൂൺ ഒന്ന് മുതൽ ഓ​ഗസ്റ്റ് 31 വരെയാണ് വിലക്ക് ഉണ്ടായിരുന്നത്.

gulf news midday work ban ended in kuwait rvn
Author
First Published Aug 31, 2023, 10:40 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി മാൻപവർ അതോറിറ്റി പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. 

ജൂൺ ഒന്ന് മുതൽ ഓ​ഗസ്റ്റ് 31 വരെയാണ് വിലക്ക് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയതായി മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ജനറൽ മർസൗസ് അൽ ഒട്ടൈബി പറഞ്ഞു. 362 സൈറ്റുകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്ന് 580 തൊഴിലാളികൾ ഉച്ച സമയത്ത് ജോലി ചെയ്തതായും കണ്ടെത്തി. ആദ്യം നിയമലംഘനം കണ്ടെത്തിയ സൈറ്റുകളിൽ വീണ്ടും പരിശോധന നടത്തി തീരുമാനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നു. തൊഴിൽ സമയം കുറയ്ക്കാതെയും നഷ്ടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയുമാണ് ഉച്ചജോലി വിലക്ക് നടപ്പാക്കിയത്. 

Read Also- ഫാമിലി വിസയ്ക്ക് പച്ചക്കൊടി; പ്രവാസികൾ പ്രതീക്ഷയിൽ

നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു; 97 പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ നിയമലംഘകരെ കണ്ടെത്താനുള്ള കർശനമായ പരിശോധനകള്‍ തുടരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അടങ്ങുന്ന സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. 

ഇതിന്‍റെ ഭാഗമായി ഫർവാനിയയിൽ നടന്ന പരിശോധനയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 97 പേർ അറസ്റ്റിലായി. വിവിധ രാജ്യക്കാരാണ് പിടിയിലായത്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

അതേസമയം കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, തൊഴില്‍ നിയമലംഘകര്‍, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം എന്നീ നിയമലംഘനങ്ങളില്‍ പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് പതിവ്. 

ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ അതിവേ​ഗം തുടരുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി അഡ്മിനിസ്ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios