വിദേശ നിക്ഷപകര്‍ക്ക് 15 വര്‍ഷത്തെ താമസരേഖ അനുവദിക്കും. സ്വദേശികളായ സ്ത്രീകള്‍ക്ക് വിദേശി ഭര്‍ത്താവില്‍ ജനിച്ച മക്കള്‍ക്ക് 10 വര്‍ഷത്തെ താമസരേഖ അനുവദിക്കാനും കരട് നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലെ താമസ നിയമം പുഃനപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ ഉടന്‍ പരിഗണിച്ചേക്കാമെന്നാണ് പ്രാദേശിക മാധ്യമമായ 'കുവൈത്ത് ടൈംസി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അഞ്ചു വര്‍ഷമായി പരിമിതപ്പെടുത്തുകയാണ് പ്രധാന നിര്‍ദ്ദേശം. മന്ത്രിസഭയുടെ അനുമതിക്ക് ശേഷം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി കരട് നിര്‍ദ്ദേശം ദേശീയ അസംബ്ലിക്ക് മുമ്പില്‍ വെക്കും. ഒക്ടോബര്‍ അവസാനത്തോടെ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് 'കുവൈത്ത് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സ്വദേശി-വിദേശി അസന്തുലിതാവസ്ഥ പരിഗണിച്ചാണ് പുതിയ നീക്കം.

അതേസമയം വിദേശ നിക്ഷപകര്‍ക്ക് 15 വര്‍ഷത്തെ താമസരേഖ അനുവദിക്കും. സ്വദേശികളായ സ്ത്രീകള്‍ക്ക് വിദേശി ഭര്‍ത്താവില്‍ ജനിച്ച മക്കള്‍ക്ക് 10 വര്‍ഷത്തെ താമസരേഖ അനുവദിക്കാനും കരട് നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമാകും. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. നിര്‍ദ്ദേശം നടപ്പിലായാല്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകും. 

Read Also -  വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

ഉച്ചവിശ്രമം; പരിശോധനയില്‍ കണ്ടെത്തിയത് 148 നിയമലംഘനങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പാലിക്കാത്ത 148 സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചവിശ്രമ നിയമം കൃത്യമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയ സംഘമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് മാന്‍പവര്‍ അതോറിറ്റി വെളിപ്പെടുത്തി. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ നിശ്ചിത സമയത്ത് ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also - പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

നേരത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ വീണ്ടും പരിശോധന നടത്തിയെന്നും നിയമം പാലിക്കപ്പെട്ടതായും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. പരിശോധന നടത്തിയതില്‍ 132 സ്ഥാപനങ്ങള്‍ നിയമം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകള്‍ വ്യാപകമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് 11 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...