അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവു കാലാവധി വീണ്ടും ദീർഘിപ്പിച്ചു. സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച കാലാവധിയാണ് നീട്ടിയത്. മെയ് 31 ന് അവസാനിച്ച കാലാവധിയാണ് ഏഴ് മാസത്തേക്ക് കൂടി നീട്ടി ഡിസംബര്‍ 31വരെയാക്കി പുതുക്കി.

അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സ്ഥാപനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. 2021 ജൂണിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വാറ്റ് രജിസ്ട്രേഷന്‍ വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇൻവോയിസിങ്ങുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനം എന്നിവക്ക് ചുമത്തിയ പിഴകളാണ് ഒഴിവാക്കുന്നത്. എന്നാല്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉർപ്പെടില്ല. ഇളവ് കാലം നീട്ടി നൽകിയെങ്കിലും പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.

Read Also - ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യത, മുന്‍കരുതല്‍ സ്വീകരിക്കണം; മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യമന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് കാലത്ത് ലഭിച്ചത് 8,000 പരാതികള്‍; 90 ശതമാനവും പരിഹരിച്ചെന്ന് അധികൃതര്‍

റിയാദ്: ഈ വർഷത്തെ ഹജ്ജ് കാലത്ത് ലഭിച്ച 8,000 പരാതികളിലും 501 സഹായ അഭ്യർഥനകളിലും 90 ശതമാനവും പരിഹരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മൂന്ന് ശതമാനം പരാതികൾ എന്നന്നേക്കുമായി പരിഹരിച്ചു. ഏഴ് ശതമാനം പരാതിയിന്മേൽ പരിഹാര നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മോശം താമസ സേവനങ്ങൾ, വൈദ്യുതി തടസ്സങ്ങൾ, കാറ്ററിങ് സേവനങ്ങളിലെ കാലതാമസം, ജലവിതരണത്തിലെ അപാകത, ഗൈഡുകളുടെ അഭാവം, മോശം ഗതാഗത, കാറ്ററിങ് സേവനങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ പരാതികളുണ്ടായതെന്ന് ഈ സീസണിലെ വിദേശ ഹജ്ജ് തീർഥാടകർക്ക് നൽകിയ സേവന പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് വ്യക്തമാക്കുന്നു. മേൽനോട്ട, നിരീക്ഷണ ടീമുകൾ 47,000 ഫീൽഡ് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.

അതിൽ 26,000 സന്ദർശനങ്ങൾ മക്കയിലും 6,000 ജിദ്ദയിലും 15,000 മദീനയിലുമാണ്. 10,000 ലംഘനങ്ങൾ നിരീക്ഷിച്ചു. അതിൽ 75 ശതനമാനം പ്രവർത്തന മേഖലയിലെ ലംഘനങ്ങളും 25 ശതമാനം സേവന ലംഘനങ്ങളുമാണ്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 15 ശതമാനം രേഖപ്പെടുത്തിയത് മക്കയിലാണ്. ജിദ്ദയിൽ നാല് ശതമാനവും മദീനയിൽ മൂന്ന് ശതമാനവുമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം...