ദുരിതബാധിതർക്ക് കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴിയാണ് സഹായം. രണ്ട് മാസം വരെ സഹായമെത്തിക്കൽ തുടരും

റിയാദ്: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ആളുകൾക്ക് സഹായവുമായി സൗദിയുടെ ആദ്യ വിമാനം പുറപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ചയാണ് ബെൻഗാസി നഗരത്തിലെ ബെനീന അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി വിമാനം പറന്നുയർന്നത്.

സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് 90 ടൺ ഭക്ഷണവും പാർപ്പിട സൗകര്യവുമാണ് ആദ്യവിമാനത്തിൽ കിങ് സൽമാൻ റിലീഫ് കേന്ദ്രം (കെ.എസ്. റിലീഫ് സെൻറർ) അയച്ചത്. വരും ദിവസങ്ങളിൽ സഹായവുമായി കൂടുതൽ വിമാനങ്ങൾ ലിബിയയിലെത്തും. റിലീഫ് കേന്ദ്രത്തിൽനിന്നുള്ള പ്രത്യേക സംഘം ലിബിയൻ റെഡ് ക്രസൻറുമായി ഏകോപിപ്പിച്ചാണ് സഹായ വിതരണ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുക.

കനത്ത കൊടുങ്കാറ്റിനെയും മഴയേയും തുടർന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങൾക്ക് കെ.എസ്. റിലീഫ് കേന്ദ്രം വഴി രണ്ടുമാസം വരെ സഹായം എത്തിക്കും. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്നാണിത്. ലിബിയയിലെ ദുരിതബാധിതരായ ജനങ്ങൾക്ക് സഹായം എത്തിക്കാൻ ഇരുവരും കെ.എസ്. റിലീഫിന് നിർദേശം നൽകിയിരുന്നു. ലിബിയയിലേക്ക് ശനിയാഴ്ച മുതൽ സഹായം എത്തിക്കൽ തുടങ്ങിയിട്ടുണ്ടെന്നും ഭക്ഷണവും പാർപ്പിട സൗകര്യങ്ങളും എന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് സഹായം രണ്ട് മാസത്തേക്ക് എത്തിക്കുന്നതെന്ന് റിലീഫ് കേന്ദ്രം വ്യക്തമാക്കി.

Read Also - നബിദിനത്തിന് ശമ്പളത്തോട് കൂടിയ അവധി; ആകെ മൂന്ന് ദിവസം അവധി, സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് ബാധകമെന്ന് യുഎഇ

സൗഹൃദ രാജ്യങ്ങൾ കടന്നുപോകുന്ന വിവിധ സാഹചര്യങ്ങളിലും ദുരിതങ്ങളിലും ഒപ്പം നിൽക്കാനുള്ള ഈ ഉദാരമായ മാർഗനിർദേശം സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും തുടർച്ചയായ പിന്തുണയുടെ വിപുലീകരണമാണെന്ന് കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബിഅ പറഞ്ഞു. ലിബിയൻ റെഡ് ക്രസൻറും അവിടെ പ്രവർത്തിക്കുന്ന നിരവധി അന്താരാഷ്ട്ര മാനുഷിക സംഘടനകളുമായി ഏകോപിപ്പിച്ചാണ് ലിബിയയിലെ സഹോദര ജനതക്ക് കേന്ദ്രം സഹായം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞാഴ്ചയാണ് കിഴക്കൻ ലിബിയയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ഡാനിയൽ ചുഴലിക്കാറ്റ് വിനാശകരമായ വെള്ളപ്പൊക്കമുണ്ടാക്കിയത്. ഏറ്റവും കൂടുതൽ ബാധിച്ചത് ഡെർന എന്ന നഗരത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...