കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. റിയാദ് പ്രവിശ്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൂടിയ താപനില 46 മുതല്‍ 48 ഡിഗ്രി വരെയാകാന്‍ സാധ്യതയുണ്ട്.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ദമ്മാമില്‍ താപനില 48 ഡിഗ്രിയായിരുന്നു. വാദി ദവാസിറിലും ശറൂറയിലും 46 ഡിഗ്രി വീതവും ജിദ്ദയിലും അല്‍ഖൈസൂമയിലും 45 ഡിഗ്രി സെല്‍ഷ്യസ് വീതവുമായിരുന്നു കൂടിയ താപനില.

Read Also - ശമ്പളമില്ല, ഭക്ഷണമോ കുടിവെള്ളമോ നൽകുന്നില്ല; പ്രവാസി മലയാളിയടക്കം ഒമ്പത് ഇന്ത്യക്കാര്‍ ദുരിതത്തില്‍, പരാതി

അതേസമയം രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങളെ കരുതിയിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും രാജ്യത്ത് ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും ഈ ആഴ്ച അവസാനം വരെ നീണ്ടും നിന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കനത്ത ചൂട് മുലമുണ്ടാകുന്ന അപകടസാധ്യതകള്‍ വ്യക്തമാക്കുന്ന ഇന്‍ഫോഗ്രാഫിക് പോസ്റ്റ് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. വരണ്ട ചര്‍മ്മം, സൂര്യാഘാതം എന്നിവയ്ക്കുള്‍പ്പെടെ ഉഷ്ണതരംഗങ്ങള്‍ ഇടയാക്കും. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നു മണിക്കും ഇടയില്‍ വീടിന് പുറത്തിറങ്ങാതിരിക്കുകയോ അല്ലെങ്കില്‍ തണലുള്ള സ്ഥലങ്ങളില്‍ കഴിയുകയോ ചെയ്യുക, വെയിലില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കുക, തല മറയ്ക്കുക, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, സണ്‍ ഗ്ലാസ് ധരിക്കുക, ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക എന്നീ മുന്‍കരുതലുകള്‍ ഉഷ്ണതരംഗങ്ങളെ ചെറുക്കാന്‍ സ്വീകരിക്കുകയെന്നത് പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ ആഴ്ച അവസാനം വരെ രാജ്യത്ത് ഉഷ്ണതരംഗങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. 

Read Also -  സ്വകാര്യ സ്ഥാപനങ്ങൾക്ക് വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി; കാലാവധി നീട്ടിയതായി സൗദി അധികൃതര്‍

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം...