'ഹിഡൻ ഡിസെബിലിറ്റീസ് സൺഫ്ലവർ', പുതിയ പദ്ധതിയുമായി ഹമദ് വിമാനത്താവളം. പുറമെക്ക് തിരിച്ചറിയാനാവാത്ത വൈകല്യങ്ങളുള്ള യാത്രക്കാർക്ക് സൺഫ്ലവർ ലാനിയാർഡ് ധരിച്ച് ജീവനക്കാരിൽ നിന്ന് പ്രത്യേക സഹായവും പരിഗണനയും നേടാം. 

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് കൂടുതൽ പിന്തുണയും പരിഗണനയും ഉറപ്പാക്കുന്നതിനായി 'ഹിഡൻ ഡിസെബിലിറ്റീസ് സൺഫ്ലവർ' പദ്ധതിക്ക് തുടക്കമായി. പുറമെക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഓട്ടിസം, കേൾവിക്കുറവ്, വിട്ടുമാറാത്ത വേദന, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥകളുള്ള യാത്രക്കാരെ സഹായിക്കുന്നതിനാണ് ഈ ആഗോള പദ്ധതി ഹമദ് വിമാനത്താവളം നടപ്പിലാക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത തരം വൈകല്യമോ ബുദ്ധിമുട്ടോ ഉള്ള യാത്രക്കാർക്ക് പ്രത്യേക സൺഫ്ലവർ അടയാളമുള്ള കഴുത്തിൽ തൂക്കുന്ന ലാനിയാർഡുകൾ ലഭ്യമാക്കും. ഇത് ധരിക്കുന്നതിലൂടെ ഈ യാത്രക്കാർക്ക് വിമാനത്താവള നടപടിക്രമങ്ങൾക്കായി കൂടുതൽ സമയം വേണമെന്നോ, ആശയവിനിമയത്തിൽ പ്രത്യേക പരിഗണനയോ സഹായമോ ആവശ്യമുണ്ടെന്നോ ഉള്ള സന്ദേശം വിമാനത്താവള ജീവനക്കാരെ നിശബ്ദമായി അറിയിക്കാൻ സാധിക്കും. കൂടുതൽ സമയം അനുവദിക്കുക, ആശയവിനിമയം ലളിതമാക്കുക, നിർദ്ദേശങ്ങൾ നൽകി സഹായിക്കുക തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ഉറപ്പാക്കുന്നു. യാത്രക്കാർക്ക് തികച്ചും സ്വമേധയാ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

വിമാനത്താവളത്തിലെ ഇൻഫർമേഷൻ ഡെസ്‌കുകളിൽ നിന്ന് യാത്രക്കാർക്ക് ഈ ലാനിയാർഡുകൾ സൗജന്യമായി കൈപ്പറ്റാം. പുറപ്പെടുന്ന യാത്രക്കാർക്ക് ചെക്ക്-ഇൻ ഏരിയയിലുള്ള ഡെസ്‌കുകളിൽ നിന്നും, മറ്റ് വിമാനങ്ങളിലേക്ക് മാറിക്കയറുന്ന ട്രാൻസ്ഫർ യാത്രക്കാർക്ക് 'ലാമ്പ് ബിയർ' ഏരിയയിലോ അല്ലെങ്കിൽ 'ദി ഓർച്ചാർഡ്' ഭാഗത്തോ ഉള്ള ഇൻഫർമേഷൻ ഡെസ്‌കുകളിൽ നിന്നും ഇത് ലഭിക്കുന്നതാണ്.

പ്രത്യേക പരിശീലനം 

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഗ്രൗണ്ട് സ്റ്റാഫ്, റീട്ടെയിൽ വിഭാഗം ജീവനക്കാർ, മറ്റ് സേവന പങ്കാളികൾ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. സൺഫ്ലവർ ചിഹ്നം കാണുന്നതോടെ യാത്രക്കാർക്ക് ചോദിക്കാതെ തന്നെ ആവശ്യമായ സഹായം നൽകാൻ ജീവനക്കാർ സജ്ജരാണെന്ന് അധികൃതർ അറിയിച്ചു. ലോകത്തെ മുൻനിര വിമാനത്താവളങ്ങളിലൊന്നായ ഹമദ് വിമാനത്താവളം എല്ലാ യാത്രക്കാർക്കും തടസ്സങ്ങളില്ലാത്ത യാത്രാനുഭവം നൽകുക എന്നതാണ് ഈ ആഗോള പദ്ധതിയുടെ ഭാഗമായതിലൂടെ ലക്ഷ്യമിടുന്നത്.