ചൈനയിലെ ഷെൻഷെൻ ബാവോൺ അന്താരാഷ്ട്ര വിമാനത്താവളവുമായി എയർപോർട്ട് കരാറിൽ ഒപ്പുവെച്ച് ഹമദ് വിമാനത്താവളം. ഖത്തർ-ചൈന ബന്ധം ശക്തിപ്പെടുത്തുകയും മിഡിൽ ഈസ്റ്റിനും ചൈനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെയും ചരക്ക് ബന്ധത്തിന്റെയും കൂടുതൽ വിപുലീകരണവുമാണ് ലക്ഷ്യം. 

ദോഹ: ഖത്തർ-ചൈന ബന്ധം ശക്തിപ്പെടുത്തുകയും മിഡിൽ ഈസ്റ്റിനും ചൈനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെയും ചരക്ക് ബന്ധത്തിന്റെയും കൂടുതൽ വിപുലീകരണവും ലക്ഷ്യമിട്ട് ചൈനയിലെ ഷെൻഷെൻ ബാവോൺ അന്താരാഷ്ട്ര വിമാനത്താവളവുമായി (SZX) സുപ്രധാന സിസ്റ്റർ എയർപോർട്ട് കരാറിൽ ഒപ്പുവെച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (DOH).

ശക്തമായ വ്യാപാര-സാങ്കേതിക പരിസ്ഥിതി വ്യവസ്ഥകളുള്ള നവീകരണത്തിൽ അധിഷ്ഠിതമായ നഗരങ്ങളാണ് ദോഹയും ഷെൻഷനും. ഇരു നഗരങ്ങളും തമ്മിലുള്ള സാമ്പത്തിക വളർച്ച, സാങ്കേതിക കൈമാറ്റം, സാംസ്കാരിക ഇടപെടൽ എന്നിവയെ പിന്തുണയ്ക്കുന്നതിന് വ്യോമയാനത്തെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് ഈ പങ്കാളിത്തം. ഹോങ്കോങ്ങിൽ നടന്ന റൂട്ട്സ് വേൾഡ് 2025 ൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹമദ് അൽ ഖാതറും ഷെൻ‌ഷെൻ എയർപോർട്ട് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജരും ഷെൻ‌ഷെൻ എയർപോർട്ട് കമ്പനി ലിമിറ്റഡിന്റെ ബോർഡ് ചെയർമാനുമായ ചെൻ ഫൻ‌ഹുവയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 

ഷെൻ‌ഷെൻ മുനിസിപ്പാലിറ്റിയിലെ ട്രാൻസ്‌പോർട്ടേഷൻ ബ്യൂറോ, ഷെൻ‌ഷെൻ എയർലൈൻസ്, ഖത്തർ എയർവേയ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും രണ്ട് വിമാനത്താവളങ്ങളിലെയും എക്സിക്യൂട്ടീവുകളുടെയും സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്. കരാർ ചൈനയുമായുള്ള ഖത്തറിന്റെ തന്ത്രപരമായ വ്യോമയാന ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയേക്കും.