ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി. ഇത് ഗതാഗത തടസ്സത്തിനും കാരണമായി.

മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച കനത്ത മഴ പെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്.

തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്കന്‍ ബാത്തിന, മസ്‌കറ്റില്‍ റൂവി അടക്കമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി. ഇത് ഗതാഗത തടസ്സത്തിനും കാരണമായി. വാദികളും നിറഞ്ഞൊഴുകി. ഞായറാഴ്ച രാവിലെ 10 മുതല്‍ 40 മില്ലി മീറ്റര്‍ വരെ മഴയാണ് വിവിധ സ്ഥലങ്ങളില്‍ ലഭിച്ചത്. മസ്‌കറ്റ്, തെക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന എന്നിവിടങ്ങളിലും അല്‍ ഹജര്‍ പര്‍വ്വത നിരകളിലും തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനും ഇത് മൂലം കാഴ്ചാ പരിധി കുറയുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

Read More - യുഎഇയില്‍ കനത്ത മഴ, റോഡുകളില്‍ വെള്ളക്കെട്ട്

അതേസമയം സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കള്‍ രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് അറിയിപ്പ് നല്‍കിയിരുന്നു. കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് അറിയിപ്പ് നല്‍കിയത്. മക്ക, ജിദ്ദ, അല്‍ജമൂം, ബഹ്‌റ, അറഫ, ഖുലൈസ്, അസ്ഫാന്‍, അല്‍കാമില്‍, റഹാത്ത്, റാബിഗ് എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി വരെ മഴയ്കക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു.

Read More -  സ്‍കൂളിലെ പരിപാടികള്‍ക്കിടയില്‍ 'മഴവില്‍ ചിഹ്നങ്ങള്‍'; ചിത്രങ്ങള്‍ പിന്‍വലിച്ച് അധികൃതര്‍

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചില സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. ഈ സ്‌കൂളുകളിലെ കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.