ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ മസ്‌കറ്റിലും ഒമാനിലെ മറ്റ് നഗരങ്ങളിലും കനത്ത മഴയാണ് പെയ്തത്.

അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും ഇന്ന് കനത്ത മഴ പെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ മഴ ലഭിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഴയെ തുടര്‍ന്ന് യുഎഇയില്‍ ഇന്ന് താപനില കുറയുകയും ചെയ്തു. അതേസമയം ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ മസ്‌കറ്റിലും ഒമാനിലെ മറ്റ് നഗരങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More - യുഎഇയില്‍ പ്രവാസി യുവാവ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു, തക്കസമയത്ത് രക്ഷിച്ച് പൊലീസ്

അതേസമയം സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് അറിയിപ്പ് നല്‍കിയത്. മക്ക, ജിദ്ദ, അല്‍ജമൂം, ബഹ്‌റ, അറഫ, ഖുലൈസ്, അസ്ഫാന്‍, അല്‍കാമില്‍, റഹാത്ത്, റാബിഗ് എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി വരെ മഴയ് സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു.

Read More - സ്‍കൂളിലെ പരിപാടികള്‍ക്കിടയില്‍ 'മഴവില്‍ ചിഹ്നങ്ങള്‍'; ചിത്രങ്ങള്‍ പിന്‍വലിച്ച് അധികൃതര്‍

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചില സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. ഈ സ്‌കൂളുകളിലെ കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.