റിയാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ശക്തമായ മഴ പെയ്‍തിരുന്നു. തുടര്‍ന്ന് വാദികളില്‍ വെള്ളക്കെട്ടുണ്ടായി.
റിയാദ്: സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറുകളില്‍ അകപ്പെട്ടവരെ രക്ഷിച്ചു. റിയാദ് പ്രവിശ്യയിലെ സുല്‍ഫയിലുള്ള ശുഅയ്‍ബ് മറഖ് വാദിയിലാണ് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാറുകള്‍ അകപ്പെട്ടത്. കാറുകളില്‍ കുടുങ്ങിപ്പോയവര്‍ക്ക് പുറത്തിറങ്ങാനോ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനോ സാധിക്കാതെയായി.
റിയാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ശക്തമായ മഴ പെയ്‍തിരുന്നു. തുടര്‍ന്ന് വാദികളില്‍ വെള്ളക്കെട്ടുണ്ടായി. പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്നാണ് കാറുകളില്‍ അകപ്പെട്ട യാത്രക്കാരെ രക്ഷിച്ചത്. വെള്ളക്കെട്ടിന് നടുവില്‍ കുടുങ്ങിയ വാഹനങ്ങളുടെയും അതില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Read also: ശമ്പളം ലഭിക്കാതെ സൗദി അറേബ്യയില്‍ ദുരിതത്തിലായ മലയാളിയെ നാട്ടിലെത്തിച്ചു
അതേസമയം സൗദി അറേബ്യയുടെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയുടെ അവസാനം വരെ രാജ്യത്ത് ഇതേ കാലാവസ്ഥാ തുടരുമെന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ അതീജ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ അകലം പാലിക്കണം. വാദികള്‍ മുറിച്ചു കടക്കരുത്. വിവിധ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളിലൂടെയും സമയാസമയങ്ങളില്‍ അധികൃതര്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലുടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹായില്‍, അല്‍ ഖസീം എന്നിവിടങ്ങളിലും രാജ്യത്തെ ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ് മേഖലയില്‍ സുല്‍ഫി, ശര്‍ഖ, മജ്‍മഅ, റമഃ, അല്‍ ദവാദിമി, അഫിഫ്, അല്‍ മുസാഹിമിയ, അല്‍ ഖുവൈയ, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ ജുബൈല്‍, നൈറിയ, ഖത്തീഫ്, ദമ്മാം, ദഹ്റാന്‍, അല്‍ ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്‍സ എന്നിവിടങ്ങളിലും മഴ പെയ്യും. കനത്ത മഴയ്ക്ക് പുറമെ കാറ്റിനും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഈ മേഖലകളിലെ റോഡുകളില്‍ ദൂരക്കാഴ്ച ഗണ്യമായി കുറയുമെന്നും അധികൃതര്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.
Read also: ഡ്രൈവിങിലെ അശ്രദ്ധ; യുഎഇയില്‍ റെഡ് സിഗ്നല്‍ തെറ്റിച്ചയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
