Asianet News MalayalamAsianet News Malayalam

ആഭ്യന്തര ഹജ്ജ് അപേക്ഷകർക്ക് പണം തിരികെ ലഭിക്കുന്നത് രണ്ട് വിധത്തിലെന്ന് വിശദീകരണം; വിശദാംശങ്ങള്‍ ഇങ്ങനെ

മരണം, ആരോഗ്യ വൈകല്യം, ക്രിമിനൽ കേസുകൾ അല്ലെങ്കിൽ അപകടത്തിൽപെട്ട് ആശുപത്രിയിലായി എന്നീ കാരണങ്ങളാൽ ഹജ്ജ് നിർവഹിക്കാൻ കഴിയാത്ത കേസുകളിൽ മുഴുവൻ തുകയും തിരികെ നൽകും.

Here is how domestic hajj pilgrims gets their refund after cancelling hajj application
Author
First Published Jan 9, 2023, 11:09 PM IST

റിയാദ്: ഹജ്ജ് തീർഥാടനത്തിന് സൗദി അറേബ്യയിൽനിന്ന് അപേക്ഷിച്ച ശേഷം പിൻവാങ്ങിയവർക്ക് അടച്ച പണം തിരികെ കിട്ടുന്നത് രണ്ട് വിധത്തിലായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് പെർമിറ്റ് നൽകുന്നതിന് മുമ്പും ശേഷവും തീരുമാനം റദ്ദാക്കി തീർഥാടനത്തിൽനിന്ന് പിൻവാങ്ങാവുന്നതാണ്. ഇങ്ങനെ ചെയ്താലും അടച്ച പണം തിരികെ ലഭിക്കും. എന്നാൽ അതിന് രണ്ട് രീതികളുണ്ടെന്ന് മന്ത്രാലയം ട്വിറ്ററിൽ വിശദീകരിച്ചു. ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായുള്ള ബുക്കിങ് വ്യാഴാഴ്ചയാണ് മന്ത്രാലയം ആരംഭിച്ചത്.

മരണം, ആരോഗ്യ വൈകല്യം, ക്രിമിനൽ കേസുകൾ അല്ലെങ്കിൽ അപകടത്തിൽപെട്ട് ആശുപത്രിയിലായി എന്നീ കാരണങ്ങളാൽ ഹജ്ജ് നിർവഹിക്കാൻ കഴിയാത്ത കേസുകളിൽ മുഴുവൻ തുകയും തിരികെ നൽകും. ഇതിന് മതിയായ രേഖകൾ സമർപ്പിക്കണം. കൂടാതെ അറബി മാസം ശവ്വാൽ 14ന് ശേഷം കൊവിഡ് ബാധയുണ്ടെന്ന് തെളിഞ്ഞവർക്കും മുഴുവൻ പണവും തിരികെ നൽകും. അവർ ‘അബ്ഷിർ’ ആപ്ലിക്കേഷൻ വഴി ഹജ്ജ് അനുമതി പത്രം റദ്ദാക്കണം. പിന്നീട് മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ, നുസ്ക് ആപ്ലിക്കേഷൻ വഴിയോ ബുക്കിങും റദ്ദാക്കണം.

പണം തിരികെ ലഭിക്കുന്ന രീതികൾ
1. ഹജ്ജ് നിർവഹിക്കുന്നതിനുള്ള പെർമിറ്റ് നൽകുന്നതിനു മുമ്പ്.

  • രജിസ്ട്രേഷൻ ചെയ്ത തീയതി മുതൽ ശവ്വാൽ 14 വരെയുള്ള കാലയളവിലാണ് അപേക്ഷ പിൻവലിക്കുന്നതെങ്കിൽ അടച്ച തുക മുഴുവനും തിരികെ ലഭിക്കും.
  • പെർമിറ്റ് നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഇലക്ട്രോണിക് സേവനങ്ങളുടെ ഫീസ് അടച്ച തുകയിൽനിന്ന് കുറക്കും.

2. ഹജ്ജ് പെർമിറ്റ് നൽകിയ ശേഷം.

  • ശവ്വാൽ 15 മുതൽ ദുൽഖഅദ് അവസാനം വരെ ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള ഫീസ്, കരാർ മൂല്യത്തിന്റെ 10 ശതമാനം എന്നിവ കുറച്ചുള്ള തുക തിരികെ ലഭിക്കും.
  • ദുൽഹജ്ജ് ഒന്ന് മുതലുള്ള കാലയളവിലാണ് പിൻ വാങ്ങുന്നതെങ്കിൽ അടച്ച പണം തിരികെ ലഭിക്കില്ല.

Read also:  സൗദി അറേബ്യയിൽ നിന്ന് ജൂൺ 25 വരെ ഹജ്ജിന് അപേക്ഷിക്കാം

Follow Us:
Download App:
  • android
  • ios