റിയാദ്: സൗദി അറേബ്യന്‍ കപ്പല്‍ യെമനില്‍ നിന്നുള്ള ഹൂതി വിമതര്‍ തട്ടിയെടുത്തതായി അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഞായറാഴ്ച രാത്രി 10.58നായിരുന്നു സംഭവം. ചെങ്കടലിന്റെ തെക്കന്‍ ഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന റാബിഗ് - 3 എന്ന കപ്പലാണ് ഹൂതികള്‍ തട്ടിയെടുത്തത്. 

ഒരു ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രില്ലിങ് ടഗ് കെട്ടിവലിച്ചുകൊണ്ടുപോകുന്നതിനിടെ രണ്ട് ബോട്ടുകളിലെത്തിയ ഹൂതി സംഘം കപ്പല്‍ തട്ടിയെടുക്കുകയായിരുന്നു. കപ്പലില്‍ എത്ര ജീവനക്കാരുണ്ടെന്നോ ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നോ സൗദി അറേബ്യ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും വ്യാപാരത്തിനും ഹൂതികള്‍ ഭീഷണിയാണെന്ന് സൗദി അറേബ്യ ആരോപിച്ചു. ആഗോള സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹൂതികള്‍ക്കെതികരായ ശക്തമായ നടപടികള്‍ അറബ് സഖ്യസേന തുടരുമെന്നും കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു.