ദുബായ്: മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ ദുബായ് വിമാനത്താവളം വഴിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതെങ്കില്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മൂന്‍കൂര്‍ അനുമതി വേണം. ദുബായ് വിമാനത്താവള വക്താവാണ് ഇക്കാര്യം അറിയിച്ചത്. പുതിയ യാത്രാ നിബന്ധന അനുസരിച്ച് മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരാണെങ്കിലും ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് അദ്ദേഹം അറിയിച്ചു.

ദുബായിലെ താമസ വിസയുള്ളവര്‍ക്ക് ഇപ്പോഴും മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ യാത്ര ചെയ്യാനാവൂ.  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ അനുമതിയാണ് ഇതിന് വേണ്ടത്. മറ്റ് എമിറേറ്റുകളിലെ വിസയുള്ളവര്‍ ഐ.സി.എയുടെ അനുമതി വാങ്ങിയാലേ ദുബായ് വഴി യാത്ര ചെയ്യാനാവൂ.  ബുധനാഴ്‍ച വൈകുന്നേരം നിരവധിപ്പേര്‍ ദുബായില്‍ കുടുങ്ങിയതായും അധികൃതര്‍ സ്ഥിരീകരിച്ചു. 

വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെര്‍മിനലുകളിലായി ഏകദേശം 280ഓളം പേര്‍ കുടുങ്ങിയതായി ദുബായ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ അധികപേരും ഇന്ത്യക്കാരാണെന്നും ഇത്രത്തോളം പേര്‍ മൂന്നാം ടെര്‍മിനലിലും കുടുങ്ങിയെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് എമിറേറ്റുകളിലെ വിസകളുമായി ദുബായിലെത്തിയവരാണെന്നും ഇവരെ ഉടനെ തന്നെ വിട്ടയക്കുമെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്ര നിബന്ധനകളിലെ ഈ പുതിയ മാറ്റം എല്ലാവരും ശ്രദ്ധിക്കണണമെന്നാവശ്യപ്പെട്ട് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. 

ചിലയാത്രക്കാരുടെ ആഗമന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായെന്ന് ദുബായ് വിമാനത്താവളം അധികൃതരും അറിയിച്ചു. യുഎഇ അധികൃതരുടെ നിര്‍ദേശപ്രകാരം ഏര്‍പ്പെടുത്തിയ പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ കാരണമാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായതെന്നും അധികൃതരുമായി ചേര്‍ന്ന് വേഗത്തില്‍ പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അറിയിച്ചു.