സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ, പ്രവാസി ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് ഉറപ്പുനൽകി. പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസം പരിഹരിക്കുമെന്നും, തൊഴിലാളി പ്രശ്നങ്ങളിൽ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സേവനങ്ങൾക്കായി എംബസി, ഇന്ത്യൻ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദ്: സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് പരമാവധി മുൻഗണന നൽകുമെന്നും ഇന്ത്യൻ എംബസിയുടെ വാതിലുകൾ പ്രവാസികൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുമെന്നും പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ വ്യക്തമാക്കി. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾ നേരിടുന്ന പ്രധാന വിഷയമായ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസം സംബന്ധിച്ച ചോദ്യത്തോട് അംബാസഡർ അനുഭാവപൂർവമാണ് പ്രതികരിച്ചത്. നിലവിൽ അപ്പോയിൻമെൻറ്​ ലഭിക്കുന്നതിനായി ഒന്നര മാസത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം പ്രത്യേകമായി പരിശോധിക്കുമെന്നും, ഇതിന് ഉചിതമായ പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കൂടാതെ, മുമ്പ് എംബസിയിൽ നടന്നിരുന്ന ‘ഓപ്പൺ ഹൗസ്’ പുനരാരംഭിക്കുന്ന കാര്യവും നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത് ഉൾപ്പെടെയുള്ള സങ്കീർണമായ വിഷയങ്ങളിൽ എംബസിയുടെ ഭാഗത്തുനിന്ന് പൂർണമായ പിന്തുണയും സഹായവും ഉറപ്പാക്കുമെന്ന് അംബാസഡർ പറഞ്ഞു.

ചുമതലയേറ്റെടുത്തതിന് ശേഷം പ്രവാസി സമൂഹത്തി​െൻറ പ്രശ്നങ്ങൾ നേരിട്ടറിയാൻ ശ്രമിച്ചുവരികയാണ്​. മികച്ച സേവനം പ്രവാസികളിലേക്ക് എത്തിക്കുന്നതിനായി എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സന്നദ്ധ സംഘടനകളും കൈകോർത്ത് പ്രവർത്തിക്കും. ഈ കൂട്ടായ്മ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഔദ്യോഗിക കാലാവധിയിൽ എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സമൂഹ സംഘടനകളും തമ്മിൽ ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കുക എന്നതാണ് താൻ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും, നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ പ്രവാസ സമൂഹത്തിന് കൂടുതൽ മികച്ച സേവനം നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ അടുത്ത സുഹൃത്തും തന്ത്രപ്രധാന പങ്കാളിയുമായ സൗദി അറേബ്യയുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് അംബാസഡർ ചൂണ്ടിക്കാണിച്ചു. സൗദി അറേബ്യയിൽ അധിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർ വലിയൊരു ശക്തിയാണ്. രാഷ്​ട്രീയ ബന്ധങ്ങൾ, ഊർജ്ജം, വ്യാപാരം, നിക്ഷേപം, സംസ്കാരം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വരും വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തും.

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘വികസിത് ഭാരത്’ ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കാൻ സൗദിയിലുള്ള മുഴുവൻ ഇന്ത്യക്കാരും പ്രതിജ്ഞാബദ്ധരാകണമെന്നും, രാജ്യത്തി​െൻറ പുരോഗതിക്കായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.