സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിലും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുമായി (ഒസിഎ) സഹകരിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്.

ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം തന്റെ പ്രസംഗത്തിൽ 'യോഗ' ഒസിഎയുടെ കീഴിൽ അംഗീകൃത കായിക വിഭാഗമാണെന്ന് പരാമർശിച്ചു. സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന സ്ഥാപകൻ പത്മശ്രീ ആചാര്യ എച്ച്ആർ നാഗേന്ദ്രയും കുവൈത്തിലും മേഖലയിലും യോഗ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന രാജകുടുംബാംഗം പത്മശ്രീ ശൈഖ ഷെയ്ഖ അലി അൽ ജാബിർ അൽ സബാഹും സെഷനിൽ പങ്കെടുത്തു

"ഒരു ഭൂമിക്ക്, ഒരു ആരോഗ്യത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ 11ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്‍റെ പ്രമേയം. ആരോഗ്യം, സുസ്ഥിരത, പരിസ്ഥിതി എന്നിവയുടെ പരസ്പര ബന്ധത്തെക്കുറിച്ചുള്ള ഒരു സുപ്രധാന സത്യം ഈ പ്രമേയം ഓർമ്മിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ ജി20 അധ്യക്ഷത കാലത്ത് ഊന്നിപ്പറഞ്ഞ "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന കാഴ്ചപ്പാടുമായി യോജിക്കുന്നതാണ്.

പരിപാടിയിൽ ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി അംബാസഡർ ഡോ. ആദർശ് സ്വൈക സംസാരിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്തവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കുവൈത്തിൽ ആദ്യമായിട്ടാണ് ഒരു പൊതുസ്ഥലത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചത്. 11ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം കുവൈത്തിൽ മികച്ച പ്രതികരണം നേടി. ഐഡിവൈക്ക് മുന്നോടിയായി എംബസി മൂന്ന് കർട്ടൻ-റൈസർ യോഗാ സെഷനുകളും എല്ലാ പ്രായക്കാർക്കുമായി ഒരു യോഗാ പോസ്ചർ മത്സരവും സംഘടിപ്പിച്ചിരുന്നു.