ഭാര്യയെ വിളിച്ച ആ ഒറ്റ കോൾ, പിന്നെ വിവരമൊന്നുമില്ല; രണ്ടുമാസത്തിനിപ്പുറം വീട്ടിലെത്തിയത് ചേതനയറ്റ ശരീരം
ജൂണ്‍ ഏഴിനായിരുന്നു അത്. നാട്ടില്‍ നിന്നെത്തിയിട്ട് നാലു ദിവസം മാത്രമേ ആയിരുന്നുള്ളൂ. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്.
റിയാദ്: പുതിയ തൊഴിൽ വിസയിൽ റിയാദിലെത്തിയ ദിവസം വീട്ടിലേക്ക് വിളിച്ചതാണ്, പിന്നീടൊരു വിവരവുമില്ലാതായി. രണ്ടുമാസത്തിന് ശേഷം വീട്ടിലെത്തിയത് ചേതനയറ്റ ശരീരം. തെലങ്കാന ഷാബ്ദിപൂർ കാമറെഡ്ഡി സ്വദേശി മുഹമ്മദ് ശരീഫ് (41) ആണ് ഈ ഹതഭാഗ്യൻ. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് റിയാദിലെ ഒരു സ്വകാര്യ ശുചീകരണ കമ്പനിയിലേക്ക് ഡ്രൈവർ വിസയിലാണ് ഇയാളെത്തിയത്. അസീസിയയിലെ കമ്പനി വക താമസസ്ഥലത്ത് എത്തിയ ഉടൻ തന്നെ നാട്ടിൽ ഭാര്യയെ വിളിക്കുകയും താനിവിടെ സുരക്ഷിതമായി എത്തിയെന്ന് പറയുകയും ചെയ്തിരുന്നു. ആ ഒറ്റ വിളി. അതിനപ്പുറം ഒരു വിവരവും പിന്നീടുണ്ടായില്ല. വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല.
45-ാം ദിവസം റിയാദിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന് അസീസിയ പൊലീസ് സ്റ്റേഷനിൽനിന്ന് ഒരു വിളി വന്നു. ഇന്ത്യാക്കാരനെന്ന് തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലുണ്ട്. 45 ദിവസമായി. ആളുടെ പേരോ നാടോ മറ്റ് വിവരങ്ങളോ ഇല്ല. സ്പോൺസറുടെയും ജോലി ചെയ്യുന്ന കമ്പനിയുടെയും വിവരങ്ങളുമില്ല. അധികംനാൾ അജ്ഞാത വിലാസത്തിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനാവില്ല. ഈയൊരു സാഹചര്യത്തിലാണ് പൊലീസ് ഇന്ത്യൻ എംബസി വളൻറിയർ കൂടിയായ ശിഹാബിനെ വിളിച്ചത്. കിട്ടിയ അവ്യക്തമായ ചില സൂചനകൾ വെച്ച് ശിഹാബ് നടത്തിയ അന്വേഷണത്തിൽ ആളെ കുറിച്ചുള്ള ഏകദേശ വിവരങ്ങൾ സംഘടിപ്പിക്കാനായി.
അസീസിയയിലെ ഒരു പാർക്കിലാണ് മരിച്ചുകിടന്നതെന്ന് പൊലീസ് വ്യക്തമാക്കി. അത് ജൂൺ ഏഴിനായിരുന്നു. നാട്ടിൽ നിന്നെത്തിയതിന്‍റെ നാലാം ദിവസം. ഹൃദയാഘാതമായിരുന്നു മരണകാരണം. പൊലീസും ഫയർഫോഴ്സും എല്ലാമെത്തിയാണ് മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ശിഹാബിെൻറ അന്വേഷണത്തിൽ മുമ്പ് ഇയാൾ റിയാദിൽ നാലഞ്ച് വർഷം ജോലി ചെയ്തിട്ടുണ്ടെന്നും നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ വന്നതാണെന്നുമുള്ള വിവരങ്ങൾ കിട്ടി. എംബസിയിൽനിന്ന് പഴയ പാസ്പോർട്ടിെൻറ വിവരങ്ങളും സംഘടിപ്പിക്കാനായി. അതുപ്രകാരം നാട്ടിലെ റീജനൽ പാസ്പോർട്ട് ഓഫീസിൽ അന്വേഷിച്ചപ്പോൾ അവിടെയുള്ള രേഖയിൽനിന്ന് അന്നത്തെ നാട്ടിലെ ഫോൺ നമ്പർ കിട്ടി. അതിലേക്ക് ശിഹാബ് വിളിച്ചു. അപ്പോൾ ഭാര്യയാണ് എടുത്തത്. മരിച്ച വിവരം പറഞ്ഞില്ല. പകരം സഹോദരെൻറയും റിക്രൂട്ടിങ് ഏജൻറിെൻറയും നമ്പറുകൾ വാങ്ങി. അവരോട് മരണവിവരം പറഞ്ഞു.
അങ്ങനെ 47 ദിവസത്തിന് ശേഷം മരണവിവരം വീട്ടുകാർ അറിഞ്ഞു. അവർ ദമ്മാമിലുള്ള ബന്ധുവിെൻറ നമ്പർ ശിഹാബിന് കൊടുത്തു. അയാൾ റിയാദിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. എംബസിയുടെ നിർദേശപ്രകാരം ശിഹാബ് കമ്പനിയധികൃതരെ സമീപിച്ചു. മരണവിവരം അവരും അറിഞ്ഞിരുന്നില്ല. ജോലിക്ക് ചേർന്നിട്ട് പിറ്റേന്ന് തന്നെ കാണാതായതിനാൽ കമ്പനിയധികൃതർ സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിന് പരാതി നൽകി ഒളിച്ചോടിയവരുടെ (ഹുറൂബ്) പട്ടികയിൽ പെടുത്തിയിരുന്നു. ശിഹാബ് പറയുേമ്പാഴാണ് മരണവിവരം അവരും അറിയുന്നത്. പാസ്പോർട്ട് കമ്പനിയിലുണ്ടായിരുന്നു. പിന്നെയെല്ലാം വേഗത്തിലായിരുന്നു. എംബസി എൻ.ഒ.സി നൽകുകയും ഹുറൂബ് നീക്കുന്നതും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതുമടക്കം എല്ലാ നടപടിക്രമങ്ങളിലും കമ്പനിയധികൃതർ നന്നായി സഹകരിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള മുഴുവൻ ചെലവും വഹിക്കാനും കമ്പനി തയ്യാറായി. അങ്ങനെ രണ്ടുമാസത്തിന് ശേഷം മൃതദേഹം ഉറ്റവരുടെ അടുത്തെത്തി. ജമാലുദ്ദീൻ മുഹമ്മദ് ആണ് പിതാവ്, മാതാവ്: മദാർ ബീ. ഭാര്യ: ഫാത്വിമ. രണ്ട് മക്കളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ᐧ