Asianet News MalayalamAsianet News Malayalam

പ്രണയം നടിച്ച് ക്രിപ്റ്റോകറന്‍സി ഇടപാടിന് പ്രേരിപ്പിച്ച് വിദേശ സുന്ദരി; യുഎഇയിലെ പ്രവാസിക്ക് നഷ്ടമായത് വന്‍തുക

വാട്സ്ആപ് വഴിയാണ് ആദ്യത്തെ മെസേജ് പ്രവാസിക്ക് ലഭിച്ചത്. ഹോങ്കോങ്ങില്‍ നിന്നാണ് മെസേജ് ചെയ്യുന്നതെന്നും ദുബൈയിലെ ഒരു ഹോട്ടലിലെ മാനേജറാണോ എന്നുമായിരുന്നു ആദ്യത്തെ അന്വേഷണം. അല്ലെന്ന് മറുപടി നല്‍കി സംഭാഷണം അവസാനിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും വീണ്ടും മെസേജ് ചെയ്‍ത് അടുപ്പം സ്ഥാപിച്ചു. 

Indian expat loses huge amount after falling in love with fraudster in a crypto romance scam in UAE
Author
First Published Jan 8, 2023, 8:52 PM IST

ദുബൈ: പ്രണയം നടിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് പ്രേരിപ്പിച്ച് നടത്തിയ തട്ടിപ്പില്‍ പ്രവാസിക്ക് വന്‍തുക നഷ്ടമായി. ദുബൈയില്‍ ഐ.ടി ഡയറക്ടറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരന്‍ 6,50,000 ദിര്‍ഹമാണ് (1.45 കോടിയിലധികം ഇന്ത്യന്‍ രൂപ) അജ്ഞാത സുന്ദരിയുടെ വാക്കുകേട്ട് ട്രാന്‍സ്‍ഫര്‍ ചെയ്‍തുകൊടുത്തത്. ആഴ്ചകള്‍ നീണ്ട തട്ടിപ്പിനൊടുവില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടമായതിന് പുറമെ പലരില്‍ നിന്നും കടം വാങ്ങിയ പണം ഉള്‍പ്പെടെ നഷ്ടമായി.

വാട്സ്ആപ് വഴിയാണ് ആദ്യത്തെ മെസേജ് പ്രവാസിക്ക് ലഭിച്ചത്. ഹോങ്കോങ്ങില്‍ നിന്നാണ് മെസേജ് ചെയ്യുന്നതെന്നും ദുബൈയിലെ ഒരു ഹോട്ടലിലെ മാനേജറാണോ എന്നുമായിരുന്നു ആദ്യത്തെ അന്വേഷണം. അല്ലെന്ന് മറുപടി നല്‍കി സംഭാഷണം അവസാനിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും വീണ്ടും മെസേജ് ചെയ്‍ത് അടുപ്പം സ്ഥാപിച്ചു. ബന്ധം ദൃഢമായതോടെ 54 വയസുകാരനായ പ്രവാസി തന്നെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഫോട്ടോകളും ഉള്‍പ്പെടെ കൈമാറുകയും ചെയ്‍തു. ഒടുവില്‍ യുവതി ദുബൈയിലേക്ക് വരാമെന്നും നേരിട്ട് കാണാമെന്നും അറിയിച്ചു. ഭാര്യയുമായി വര്‍ഷങ്ങളായി ചില പ്രശ്നങ്ങള്‍ കൂടി ഉണ്ടായിരുന്ന തനിക്ക് യുവതിയുമായുള്ള സംസാരമായിരുന്നു ആശ്വാസമെന്നായിരുന്നു ഇയാള്‍ പിന്നീട് പറഞ്ഞത്.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി തന്റെ സുഹൃത്തെന്ന പേരില്‍ മറ്റൊരു യുവതിയെക്കൂടി  പരിചയപ്പെടുത്തി. മലേഷ്യയില്‍ ക്രിപ്റ്റോ കറന്‍സി ട്രേഡിങ് നടത്തുകയാണെന്നും തന്റെ സമ്പാദ്യം മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ക്രിപ്റ്റോ ഇടപാടുകളിലൂടെ നേട്ടമുണ്ടാക്കാന്‍ സാഹായിക്കാമെന്നായിരുന്നു സുഹൃത്തിന്റെ വാഗ്ദാനം. ഇതോടെ ചെറിയ സംശയം തോന്നിയെങ്കിലും തന്റെ അക്കൗണ്ട് തനിക്ക് തന്നെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞതോടെ വിശ്വാസം വന്നു. ഇവര്‍ അയച്ചുകൊടുത്ത ലിങ്ക് വഴി ഒരു ക്രിപ്റ്റോ കറന്‍സി ട്രേഡിങ് പ്ലാറ്റ്‍ഫോമില്‍ അക്കൗണ്ട് ഉണ്ടാക്കി.

നിക്ഷേപിക്കുന്ന പണത്തിന് പ്രതിദിനം 22 ശതമാനം ലാഭം വാഗ്ദാനം ചെയ്യുന്ന 10 ദിവസത്തെ പദ്ധതികളാണ് ഇവര്‍ പരിചയപ്പെടുത്തിയത്. ഇത് സംബന്ധിച്ച ചില കണക്കുകളും ലഘുലേഖകളുമെല്ലാം അയച്ചുകൊടുത്തു. ഡിസംബറോടെ ഏതാണ്ട് 6,61,100 ദിര്‍ഹം പ്രവാസി ഇതില്‍ നിക്ഷേപിക്കാനായി കൊടുത്തു. ഭാര്യയ്ക്ക് ഗ്രാറ്റുവിറ്റിയായി കിട്ടിയ പണത്തിന് പുറമെ സുഹൃത്തുക്കളില്‍ നിന്നു വരെ കടം വാങ്ങിയാണ് ഇത്രയും പണം കൊടുത്തത്.
Indian expat loses huge amount after falling in love with fraudster in a crypto romance scam in UAE

എന്നാല്‍ ഈ ട്രേഡിങ് പ്ലാറ്റ്ഫോം തന്നെ വ്യാജമാണെന്ന് പിന്നീടാണ് മനസിലായത്. വലിയ ലാഭമുണ്ടാവുന്നതായി കൃത്രിമമായി സംഖ്യകള്‍ കാണിക്കുന്ന തരത്തില്‍ നിര്‍മിച്ച വ്യാജ പ്ലാറ്റ്ഫോമായിരുന്നു ഇത്. ഏതാണ്ട് 24,34,602 ഡോളാറായി തന്റെ നിക്ഷേപം വളര്‍ന്നുവെന്നായിരുന്നു ഇതില്‍ കാണിച്ചിരുന്നത്. കിട്ടിയ പണത്തില്‍ നിന്ന് 10 ശതമാനം കമ്മീഷനും സുഹൃത്തായി പരിചയപ്പെടുത്തിയ യുവതി ചോദിച്ചിരുന്നു. 

ഇതോടെ സംശയം തോന്നി പണം പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ രണ്ട് യുവതികളും പ്രതികരിക്കാതെയായി. നിലവില്‍ പണം തിരികെ ലഭിക്കുമോയെന്ന് അന്വേഷിക്കാനും തട്ടിപ്പുക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പ്രവാസി. ഇക്കാലയളവില്‍ ഒരിക്കലും രണ്ട് യുവതികളുമായും സംസാരിച്ചിട്ടില്ലെന്നും മെസേജുകളിലൂടെ മാത്രമായിരുന്നു ആശയ വിനിമയമെന്നും ഇയാള്‍ പറയുന്നു. നിലവില്‍ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടേണ്ട അവസ്ഥയില്‍ കൂടിയാണ് ഇയാള്‍.
Indian expat loses huge amount after falling in love with fraudster in a crypto romance scam in UAE

പ്രണയം നടിച്ച് പരിചയം സ്ഥാപിക്കുകയും പിന്നീട് അത് മുതലെടുത്ത് വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രേരിപ്പിച്ച് ചതിയില്‍ വീഴ്‍ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണെന്ന് ദുബൈ പൊലീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പറയുന്നു. ചെറിയ തുകകള്‍ നിക്ഷേപിക്കുമ്പോള്‍ ലാഭം പിന്‍വലിക്കാന്‍ അനുവദിച്ച് വിശ്വാസ്യത നേടും. ഒടുവില്‍ വലിയ തുകയുടെ നിക്ഷേപത്തിന് പ്രേരിപ്പിക്കുകയും പണം കിട്ടിക്കഴിഞ്ഞ് പിന്നീട് അപ്രത്യക്ഷരാവുകയും ചെയ്യുന്നതാണ് ഇവരുടെ പൊതുരീതി.

Read also: കൈയില്‍ കിട്ടിയത് 1.35 ലക്ഷം ദിര്‍ഹം; ഇന്ത്യക്കാരന്റെ സത്യസന്ധതയെ അനുമോദിച്ച് ദുബൈ പൊലീസ്

Follow Us:
Download App:
  • android
  • ios