കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി സംഘടനകളോട് ഇന്ത്യൻ സ്ഥാനപതി പ്രതികാര നടപടികളോടെ പെരുമാറുന്നെന്ന് സംഘടനാ നേതാക്കളുടെ പരാതി. പ്രവാസി സംഘടനകളെ എംബസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിപ്പെട്ടതാണ് കാരണമെന്നാണ് പ്രവാസികളുടെ ആരോപണം.

പ്രശ്നത്തിൽ അടിയന്തര പരിഹാരമാവശ്യപ്പെട്ട് എംപിമാരുടെ സംഘം വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. വർഷങ്ങളായി കുവൈത്തില്‍ പ്രവർത്തിച്ചുവരുന്ന സംഘടനകളെ യാതൊരുകാരണവും കൂടാതെയാണ് ലിസ്റ്റിൽ നിന്ന് എംബസി ഒഴിവാക്കിയതെന്ന് സംഘടനാനേതാക്കൾ പറയുന്നു. ഇതിനെതിരെ രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയവർക്കെതിരെയാണ് എംബസി വിശദീകരണ നോട്ടീസ് അയച്ചിരിക്കുന്നത്.

ഇന്ത്യൻ സ്ഥാനപതിക്കെതിരെ പ്രവർത്തിക്കുന്നെന്ന് കാണിച്ചാണ് ലോക കേരളസഭാംഗം ഉൾപ്പെടെയുളളവർക്കെതിരെ നോട്ടീസ് ഇന്ത്യൻ സ്ഥാനപതി, കുവൈറ്റ് സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. ഉടൻ വിശദീകരണം നൽകണമെന്നാണ് കുവൈത്തിലെ അന്വേഷണ ഏജൻസി ഇവരോട് നിർദ്ദേശിച്ചിരിക്കുന്നത്. പ്രവാസികളെ ദ്രോഹിക്കുന്ന ഇന്ത്യൻ അംബാസഡറുടെ നടപടി തിരുത്താൻ അടിയന്തരമായി ഇടപടണമെന്നും കളളക്കേസുകൾ ഉടൻ പിൻവലിക്കണമെന്നും എംപിമാരുടെ സംഘം കേന്ദ്ര വിദേശകാര്യ മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.