യുഎസിലെ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മര്‍ദ്ദനമാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങള്‍ ഇതിനെതിരെ ഉയരുന്നുണ്ട്. കാല്‍മുട്ട് വെച്ച് കഴുത്തില്‍ ഞെരിച്ചതിനെ തുടര്‍ന്ന് കോമയിലാകുകയായിരുന്നു.
കാൻബെറ: അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തില്‍ ഇന്ത്യന്‍ വംശജന് ഗുരുതര പരിക്ക്. 42കാരനായ ഇന്ത്യക്കാരനായ ഗൗരവ് കുന്ദിയാണ് പൊലീസ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കോമയിലായത്. അറസ്റ്റ് ചെയ്യുന്നതിനിടെ ഗൗരവിന്‍റെ കഴുത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് കൊണ്ട് ഞെരിച്ചെന്നാണ് ആരോപണം. ഇത് മൂലം ഗൗരവിന്‍റെ തലച്ചോറിന് ഗുരുതര പരിക്കേറ്റ് കോമയിലാകുകയായിരുന്നു.
യുഎസിലെ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണിതെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അഡ്ലെയ്ഡിന്‍റെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഒരു റോഡില്‍ വെച്ചാണ് സംഭവം ഉണ്ടായത്. പൊലീസ് ഗൗരവിന്‍റെ തല കാറിലും റോഡിലും ഇടിപ്പിച്ചതായി ഇദ്ദേഹത്തിന്‍റെ ഭാര്യ അമൃത്പാല്‍ കൗര്‍ പറഞ്ഞു. പൊലീസ് ഗൗരവിന്‍റെ കഴുത്തില്‍ കാല്‍വെച്ച് ഞെരിച്ചപ്പോള്‍ താന്‍ ഭയന്നുപോയെന്നും താന്‍ നിരപരാധിയാണെന്ന് ഗൗരവ് അലറി വിളിച്ചതായും പിന്നീട് ബോധം നഷ്ടമാകുകയായിരുന്നെന്നും അമൃത്പാല്‍ പറഞ്ഞു. ആദ്യം പൊലീസ് മര്‍ദ്ദിച്ചത് കൗര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു എന്നാല്‍ പിന്നീട് പരിഭ്രാന്തിക്കിടെ വീഡിയോ പകര്‍ത്താനായില്ല.
ഗൗരവിനെ റോയല്‍ അഡ്ലെയ്ഡ് ഹോസ്പിറ്റലില്‍ എത്തിച്ചു. തലച്ചോറിനും കഴുത്തിലെ ഞരമ്പുകള്‍ക്കും ഗുരുതര പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് കുട്ടികളുടെ പിതാവായ ഗൗരവ് ഇപ്പോള്‍ വെദ്യസഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിന് പൂര്‍ണമായും ക്ഷതമേറ്റതായും ചിലപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ച് വരാമെന്നും ചിലപ്പോള്‍ അങ്ങനെ ആകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി അമൃത്പാല്‍ കൗര്‍ പറയുന്നു.
അതേസമയം അക്രമാസക്തനായാണ് ഗൗരവ് അറസ്റ്റ് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഗൗരവ് കുന്ദിയും ഭാര്യയും തമ്മില്‍ വഴക്ക് ഉണ്ടാകുകയും പൊലീസ് ഇതില്‍ ഇടപെട്ടപ്പോള്‍ ഗൗരവ് അക്രമാസക്തനായെന്നുമാണ് പൊലീസ് പറയുന്നത്. പട്രോളിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഗാര്‍ഹിക പീഡനം തെറ്റിദ്ധരിച്ച് ഗൗരവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും മര്‍ദ്ദിച്ചതും. ഗൗരവ് മദ്യപിച്ചിരുന്നെന്നും ഇരുവരും വഴക്കുണ്ടാക്കിയതായും ഭാര്യ അമൃത്പാല്‍ കൗര്‍ പറഞ്ഞു, എന്നാല്‍ അവിടെ ഗാര്‍ഹിക പീഡനമോ ആക്രമണമോ ഉണ്ടായിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ക്രൂരമായ മര്‍ദ്ദനം നടന്നതോടെ ഭര്‍ത്താവിനെ ഹോസ്പിറ്റലില്‍ എത്തിക്കണമെന്ന് പൊലീസുകാരോട് അഭ്യര്‍ത്ഥിച്ചതായും കൗര്‍ വ്യക്തമാക്കി. സംഭവത്തില്‍ കമ്മിഷണര്‍ തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


