ചൈനീസ് ജയിലുകളിലെ ദുരിത ജീവിതം വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ യുവാവ്.  അഞ്ച് വര്‍ഷത്തെ ചൈനീസ് ജയില്‍ ജീവിതത്തിനിടെ അനുഭവിച്ച വൃത്തിഹീനമായ ജയില്‍ മുറികളും ഭക്ഷണവും ജയില്‍ ഉദ്യോഗസ്ഥരുടെ പീഡനവും തുറന്ന് പറഞ്ഞ് മാത്യു റഡൽജ്. 


ടതും വലതും മാറി മാറി ഭരിച്ച കേരളത്തിലെ ജയിലുകളില്‍ നിന്നും 'ഉണ്ട' എന്ന് പ്രശസ്തമായ ഗോതമ്പ് ഉണ്ടകൾ പോലും അപ്രത്യക്ഷമായി. എന്നാല്‍, ലോകത്തെ ഒന്നാം സാമ്പത്തിക ശക്തിയും സൈനിക ശക്തിയുമൊക്കെയായി വിശേഷിപ്പിക്കപ്പെടുന്ന ചൈനയിലെ ജയിലുകളില്‍ ഇന്നും തീരാദുരിതമാണെന്ന് വ്യക്തമാക്കുന്ന ഒരു വെളിപ്പെടുത്തല്‍ അടുത്തിടെ ഓസ്ട്രേലിയില്‍ നിന്നുമുണ്ടായി. നിർബന്ധിത തൊഴില്‍, മോശം ജീവിത സാഹചര്യം, ശാരീരകവും മാനസികവുമായ പീഡനം... തുടങ്ങി ചൈനീസ് ജയില്‍ ജീവിതത്തെ കുറിച്ചുള്ള ഓസ്ട്രേലിയന്‍ യുവാവിന്‍റെ വെളിപ്പെടുത്തല്‍ ലോക മനുഷ്യാവകാശ സംഘടനകളെ പോലും ‌ഞെട്ടിച്ചു. അഞ്ച് വര്‍ഷം ചൈനീസ് ജയിലില്‍ കിടക്കേണ്ടി വന്നതിനെ കുറിച്ച് ഓസ്ട്രേലിയക്കാരനായ മാത്യു റാഡാൽജാണ് വെളിപ്പെടുത്തിയത്. അടഞ്ഞ രാഷ്ട്രീയാവസ്ഥയുള്ള ചൈനയിലെ ജയിലുകളില്‍ കൊടീയപീഡനമാണ് അരങ്ങേറുന്നതെന്ന് മുന്‍ വീഡിയോ പ്രൊഡ്യൂസറായിരുന്ന മാത്യു റാഡാൽജ് പറയുന്നു. 

ബീജിംഗിലായിരുന്നു മാത്യു താമസിച്ചിരുന്നത്. ഒരിക്കല്‍ ഒരു മൊബൈൽ ഫോണ്‍ സ്ക്രീന്‍റെ വില സംബന്ധിച്ച തർക്കത്തെ തുടർന്ന് ഇലക്ട്രോണിക് മാര്‍ക്കറ്റിലെ ഒരു കടയുടമയുമായി മാത്യുവിന് തര്‍ക്കിക്കേണ്ടി വന്നു. ഈ കേസില്‍ 2020 -ല്‍ തന്നെ തെറ്റായി ശിക്ഷിക്കുകയായിരുന്നെന്ന് മാത്യു ബിബിസിയോട് പറയുന്നു. കേസില്‍ മാത്യുവിനെ വിശ്വസിക്കുന്നെന്നും അതിനാല്‍ കുറ്റമേല്‍ക്കാനും അത് 100 % കുറ്റവിമുക്തി നിരക്കുള്ള ചൈനീസ് നിയമ വ്യവസ്ഥയിൽ സഹായകരമാകുമെന്നും അദ്ദേഹത്തെ വിശ്വസിപ്പിച്ചു. കുറ്റമേറ്റതിനാല്‍ ശിക്ഷ നാല് വര്‍ഷമായി കുറയ്ക്കുകയാണെന്നാണ് കോടതി ഉത്തരവ്. 

ചൈനീസ് തടവറ

2020 മുതല്‍ മാത്യും ചൈനീസ് ജയിലിലേക്ക് മാറ്റപ്പെട്ടു. അതും അന്താരാഷ്ട്രാ തടവുകാരെ പാര്‍പ്പിക്കുന്ന ബെയ്ജിംഗിലെ രണ്ടാം നമ്പര്‍ ജയിലിലേക്ക്. അവിടെ ഒരു സെല്ലില്‍ നിരവധി കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്നു. വൃത്തി എന്നത് ജയിൽ വളപ്പിന് പുറത്ത് മാത്രം. ഒപ്പം നി‍ർബന്ധിത ജോലിയും. 'ഞാൻ എത്തുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു. ആദ്യം പോലീസ് സ്റ്റേഷനിൽ വച്ച് അവർ എന്നെ രണ്ട് ദിവസം തുടർച്ചയായി മർദ്ദിച്ചു. 48 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ തന്നില്ല, ഉറങ്ങാന്‍ അനുവദിച്ചുമില്ല. മാത്രമല്ല, പല പേപ്പറുകളില്‍ നിർബന്ധിച്ച് ഒപ്പുവപ്പിച്ചു' മാത്യു ബിബിസിയോട് പറഞ്ഞു. 

(മാത്യു റഡൽജ്.)

മാസങ്ങളോളം കുളിക്കാനോ, ശരീരം വൃത്തിയാക്കാനോ അനുവാദമില്ല. ടോയ്ലറ്റ് ഉപയോഗിക്കാന്‍ പോലും നിശ്ചത സമയമുണ്ട്. അവയാണെങ്കിൽ വൃത്തിഹീനം. മുകളിലെ ടോയ്‍ലറ്റുകളില്‍ നിന്നുള്ള മാലിന്യം പലപ്പോഴും താഴത്തെ ടോയ്‍ലറ്റിലേക്ക് വീഴുന്നുണ്ടാകും. മാസങ്ങളോളം പ്രത്യേക സെല്ലില്ലായിരുന്നു. അവിടെ കാത്തിരുന്നത് കൊടീയ ശാരീരിക - മാനസിക പീഡനവും, ഭക്ഷണം നിഷേധിക്കലുമായിരുന്നു. ഇതിനെ പരിവർത്തന ഘട്ടമെന്നാണ് മാത്യു വിശേഷിപ്പിച്ചത്.

അവിടെ നിന്നും പിന്നീട് സാധാരണ ജയിലിലേക്ക് മാറ്റി. അവിടെ ഒരു ചെറിയ സെല്ലില്‍ കൊള്ളാവുന്നതിനെക്കാൾ ആളുകൾ കഴിഞ്ഞു. അതും 24 മണിക്കൂറും വെളിച്ചമുള്ള സെല്‍. ഭക്ഷണവും ഉറക്കവും അവിടെ തന്നെ. പാകിസ്ഥാനികളും ആഫ്രിക്കക്കാരുമായിരുന്നു അവിടെ കുടുതലും. ചിലര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന്. ബ്രിട്ടന്‍, യുഎസ്, നോർത്ത് കൊറിയ, തായ്‍വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു. മിക്കയാളുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ എത്തിയവര്‍. 

പോയന്‍റ് എന്ന ചതി 

ജയിലിലെ നല്ല പെരുമാറ്റം ചില പോയറ്റുകൾ നല്‍കും. ഇത്തരത്തില്‍ ലഭിക്കുന്ന പോയന്‍റുകൾ തടവിന്‍റെ കാലാവധി കുറയ്ക്കാന്‍ സഹായിക്കും. ഒരു മാസം 100 പോയന്‍റ് വരെ നിങ്ങൾക്ക് ലഭിക്കാനുള്ള അവസമുണ്ടാകും. ഇത്തരം പോയന്‍റുകൾ ലഭിക്കാന്‍ ജയിൽ ഫാക്ടറിയില്‍ ജോലി ചെയ്യുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാഹിത്യം പഠിക്കുക, മറ്റ് തടവുകാരെ കുറിച്ചുള്ള രഹസ്യങ്ങൾ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക എന്നീ പരിപാടികൾ ചെയ്യേണ്ടിവരും. എന്നാല്‍ ഒരു തടവിന്‍റെ സമയം കുറയ്ക്കാന്‍ തടവുകാരന് 4,200 പോയന്‍റുകൾ നേടേണ്ടതുണ്ട്. അതായത് മൂന്ന് മൂന്നര വര്‍ഷത്തെ തടവ് കുറയ്ക്കാന്‍ നിങ്ങൾ ഏറെ കഷ്ടപ്പെടേണ്ടിവരും. ഇത് മാനസിക പീഡനത്തിന്‍റെയും ഉപചാപകങ്ങളുടെയും കാലം കൂടിയാണെന്ന് മാത്യു വെളിപ്പെടുത്തുന്നു. 

എന്നാല്‍, ജയില്‍ അധികാരികൾ ഈ പോയന്‍റ് ചിലപ്പോൾ വെട്ടിക്കുറയ്ക്കും. അത് സോക്സ് ശരിയായ രീതിയില്‍ വച്ചില്ലെന്നോ, ജനലിന്‍റെ തൊട്ട് അടുത്ത് നിന്നു വെന്നോ, ഭക്ഷണം മറ്റൊരു തടവുകാരനുമായി പങ്കുവച്ചെന്നോ, ശരിയായ രീതിയിലല്ല നടക്കുന്നത് എന്നോ തുടങ്ങിയ നിസാര കുറ്റങ്ങൾ ആരോപിച്ചായിരിക്കും. മാത്യു റാഡാൽജും മറ്റ് ചില തടവുകാരും ഈ പോയന്‍റ് സംവിധാനം പിന്തുടരാന്‍ തയ്യാറായില്ല. ഇതോടെ മറ്റ് ചില പീഡനമുറകള്‍ പുറത്തെടുക്കപ്പെട്ടു. വീട്ടില്‍ നിന്നുമുള്ള ഫോണ്‍ കോളുകൾ തരാതിരിക്കുക, മറ്റ് സൗകര്യങ്ങൾ നിഷേധിക്കുക, ഭക്ഷണം നിഷേധിക്കുക തുടങ്ങി പീഡനങ്ങളായിരുന്നു പിന്നീട് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. ചൈനീസ് ജയിലുകളില്‍ നിന്നും പുറത്ത് വന്ന മുന്‍ തടവുകാരും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രണ്ട് വര്‍ഷം ചൈനീസ് തടവറയില്‍ കഴിഞ്ഞ ബ്രീട്ടിഷുകാരന്‍ പീറ്റര്‍ ഹംഫ്രീയും ചൈനീസ് തടവറയിലെ പോയന്‍റ് സംവിധാനത്തെ കുറിച്ച് പറഞ്ഞത്. 'അവിടെ മുഴുവനും ക്യാമറകളാണ്. ഒരു സെല്ലില്‍ മൂന്നെണ്ണം വച്ചുണ്ടാകും. നിങ്ങൾ തറയില്‍ വരച്ച ലൈന്‍ മുറിച്ച് കടന്നാല്‍ ഒന്നെങ്കില്‍ ഗാര്‍ഡ് ഇല്ലെങ്കില്‍ ക്യാമറ നിങ്ങളെ പിടികൂടും. നിങ്ങൾ ശിക്ഷിക്കപ്പെടും.' എന്നാണ്. 

ജയില്‍ ഭക്ഷണം

ബെയ്ജിംങ് രണ്ടാം നമ്പർ തടവറയിലെ ഭക്ഷണത്തെ കുറിച്ച് മുന്‍ തടവുകാരും നിരവധി പരാതികൾ ഉന്നയിച്ചിരുന്നു. വൃത്തിഹീനമായ വെള്ളത്തില്‍ പാചകം ചെയ്യുന്ന കാബേജില്‍ ചിലപ്പോൾ കുറച്ച് കാരറ്റും പേരിന് അല്പം മാംസവും ഇട്ടിട്ടുണ്ടാകും. ചിലപ്പോൾ ചൈനീസ് ബ്രഡ്, മാന്റൂം കിട്ടും. തടവുകാരിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരാണെന്നും മാത്യും റാഡൽജ് പറയുന്നു. അധിക റേഷന്‍ വാങ്ങാന്‍ ബന്ധുക്കൾ തടവുകാരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടാകും. നൂഡിൽസ് അല്ലെങ്കിൽ സോയ പാൽ പോലുള്ളവ വാങ്ങാൻ ഈ പണം ഉപയോഗിക്കാം, എന്നാല്‍ അതിനും ജയില്‍ ഉദ്യോഗസ്ഥരുടെ കരുണ ആവശ്യമാണ്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന പ്രചാരണ സാമഗ്രികൾ തയ്യാറാക്കുന്ന ജയില്‍ ഫാക്ടറിയിൽ ജോലി ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ തന്നെ 14 മാസത്തേക്ക് മറ്റ് ഭക്ഷണ വസ്കുക്കൾ വാങ്ങുന്നതില്‍ നിന്നും ജയില്‍ അധികാരികൾ തടഞ്ഞെന്ന് മാത്യു പറയുന്നു. തടവുകാര്‍ ഒരു ഫാമിൽ ധാരളം പച്ചക്കറികൾ കൃഷി ചെയ്തു. പക്ഷേ, ഒന്ന് പോലും അവര്‍ക്ക് ലഭിച്ചില്ല. ഇടയ്ക്ക് ജയില്‍ ജീവിതം ആകര്‍ഷകമാക്കുന്നതിന്‍റെ ഭാഗമായി ജയില്‍ മന്ത്രിയുടെ സന്ദർശനമുണ്ടായിരുന്നു. പക്ഷേ, അത് വെറും പ്രഹസനം മാത്ര മാത്രമായിരുന്നു. 'തക്കാളി, ഉരുളക്കിഴങ്ങ്, കാബേജ്, വെണ്ട എല്ലാം ഉണ്ടാക്കും. അവസാന വിളവെടുപ്പിന് ശേഷം എല്ലാം ഒരു കുഴി കുത്തി മൂടും. പക്ഷേ, നിങ്ങളെ ഒരു തക്കാളിയുമായി പിടിക്കപ്പെട്ടാല്‍ തടവ് എട്ട് മാസത്തേക്ക് നീളും' മാത്യും കൂട്ടിചേര്‍ത്തു. 

ഇടയ്ക്ക് ജയിലില്‍ തായ്‍വാനീസും ആഫ്രിക്കക്കാരും തമ്മില്‍ പൊരിഞ്ഞ അടി നടന്നു. അത് ഭക്ഷണത്തെ ചൊല്ലിയായിരുന്നു. അടുക്കള ജോലി ആഫ്രിക്കാരുടെ കൈയിലായിരുന്നു. ഇത് വഴി അവര്‍ രഹസ്യമായി ചില ഭക്ഷണങ്ങൾ ഒളിച്ച് കടത്തി. ഇത് കണ്ടെത്തിയ തായ്‍വാന്‍ തടവുകാര്‍ തങ്ങളെയും അടുക്കയില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ തടവറ യുദ്ധക്കളമായി മാറി. ഞാന്‍ അതിന് നടുക്കും' മാത്യു പറയുന്നു. 

ഒരു തടവുകാരന് ഒരു ഇടി കൊടുത്തതിന്‍റെ പേരില്‍ തന്‍റെ തടവ് 194 ദിവസം കൂടി നീണ്ടു. അല്പം മാത്രം വെളിച്ചമുള്ള പുതിയ തടവറയില്‍ ഭക്ഷത്തിന്‍റെ അളവ് പകുതിയായി കുറഞ്ഞു. ആറ് മാസത്തോളം ഒന്ന് സംസാരിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. സ്വയം സംസാരിക്കുക മാത്രമാണ് അത് മറികടക്കാനുള്ള വഴിയെന്നും മാത്യു കൂട്ടിചേര്‍ത്തു. ഉത്തര കൊറിയക്കാരായ തടവുകാരുടെ സഹായത്തോടെ കൊവിഡ് കാലത്ത് ഞാന്‍ ചെറിയ കുറിപ്പുകളെഴുതി സൂക്ഷിച്ചു. ഒടുവില്‍ 2024 ഓക്ടോബർ 5 ന് പുറത്തിറങ്ങുമ്പോൾ ആ കുറിപ്പുകൾ ജാക്കറ്റില്‍ ഒളിപ്പിച്ച് പുറത്ത് കടത്തിയെന്നും മാത്യു പറയുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ മാത്യു ചൈന ഉപേക്ഷിച്ച് നേരെ ഓസ്ട്രേലിയയിലേക്ക് മ‍ടങ്ങി. അവിടെ വച്ച് തന്‍റെ ദീർഘകാല കാമുകിയെ വിവാഹം കഴിച്ചു. ഇന്ന് മെഴുകുതിരി ഉത്പന്നങ്ങളുടെ ബിസിനസാണ് മാത്യുവിന്. ചൈനീസ് ജയിലില്‍ നിന്നും തനിക്ക് ലഭിച്ച ചില നല്ല സുഹൃത്തുക്കളുടെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളിലാണ് ഇന്ന് മാത്യുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.