രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല നേരം. കഴിഞ്ഞ ഒരു മാസമായി ദിർഹമിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി കുറയുകയാണ്. നവംബർ 16ന് ഒരു ദിർഹമിന് 24.05 രൂപ ആയിരുന്നു വിനിമയ നിരക്ക്
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കാൻ പ്രവാസികൾ. തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. യുഎഇ ദിർഹമിനെതിരെ ഒരു ദിർഹമിന് 24.6 രൂപ എന്നതാണ് വിനിമയ നിരക്ക്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രൂപയുടെ ഭാവി പ്രവചനാതീതമായി തുടരുന്നു എന്നാണ് ഫോറെക്സ് അനലിസ്റ്റുകളുടെ അഭിപ്രായം. കഴിഞ്ഞ ഒരു മാസമായി ദിർഹമിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി കുറയുകയാണ്. നവംബർ 16ന് ഒരു ദിർഹമിന് 24.05 രൂപ ആയിരുന്നു വിനിമയ നിരക്ക്. നവംബർ അവസാനത്തോടെ ഇത് 24.25 രൂപ ആയി ഉയർന്നു. ഡിസംബർ ഒന്നിന് 24.30 രൂപ കടന്ന വിനിമയ നിരക്ക് ഒരാഴ്ചയ്ക്ക് ശേഷം 24.40 രൂപയായി. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഇത് നല്ല നേരമാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് ഈ സാഹചര്യം പ്രയോജനപ്പെടുത്താം.
തുടർച്ചയായ ദിവസങ്ങളിൽ 24.4 രൂപയ്ക്ക് അടുത്ത് നിന്ന ശേഷം ഡിസംബർ 10 മുതൽ വീണ്ടും നിരക്ക് വർധിച്ചു. തിങ്കളാഴ്ച രേഖപ്പെടുത്തിയ ഒരു ദിർഹമിന് 24.6 രൂപ എന്ന നിരക്ക് ഈ മാസം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവിനെയാണ് കാണിക്കുന്നത്. തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒമ്പത് പൈസ ഇടിഞ്ഞ് 90.58 രൂപ എന്ന പുതിയ റെക്കോർഡ് താഴ്ചയിലെത്തി. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ 15 ദിവസമായി രൂപയുടെ വിനിമയ നിരക്ക് ഇടിവിലാണ്. യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടത്, വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് രൂപയെ തകർക്കുന്ന പ്രധാന ഘടകങ്ങൾ.


