ഉമ്മുൽ ഖുവൈനിലെ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിന്‍റെ പ്രിൻസിപ്പാളും മലയാളിയുമായ എലിസബത്ത് ചെറിയാൻ നിര്യാതയായി. വിദ്യാഭാസ മേഖലയിലെ പ്രമുഖ വ്യക്തിയായ എലിസബത്ത് ചെറിയാന്‍റെ നിര്യാണത്തിന്‍റെ വേദനയിലാണ് പ്രവാസി മലയാളി സമൂഹം.

ദുബൈ: യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിന്‍റെ പ്രിൻസിപ്പാളും മലയാളിയുമായ എലിസബത്ത് ചെറിയാൻ (73) നാട്ടിൽ അന്തരിച്ചു. എറണാകുളം സ്വദേശിയാണ്. വിദ്യാഭാസ മേഖലയിലെ പ്രമുഖ വ്യക്തിയായ എലിസബത്ത് ചെറിയാന്‍റെ നിര്യാണത്തിന്‍റെ വേദനയിലാണ് പ്രവാസി മലയാളി സമൂഹം.

രോഗബാധിതനായ ഭർത്താവ് എം.കെ. ചെറിയാന്‍റെ ചികിത്സാർത്ഥമാണ് നാട്ടിലെത്തിയത്. കാൻസർ സംബന്ധമായ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് ശേഷം സുഖം പ്രാപിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. 1983 മെയ് മാസത്തിൽ കുറച്ച് വിദ്യാർത്ഥികളേയും അധ്യാപകരേയും വെച്ച് ആരംഭിച്ച ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിന്‍റെ വളർച്ചയിൽ നിർണായക പങ്കാണ് എലിസബത്ത് വഹിച്ചത്. എലിസബത്തും ഭർത്താവ് എം.കെ. ചെറിയാനും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ എലിസബത്ത് ചെറിയാന്‍റെ ആകസ്മിക വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ദുബൈയിൽ താമസിക്കുന്ന മകൻ ജിഹാദ് ചെറിയാൻ ആണ് മകൻ.