യുവാവിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹം ജോലി ചെയ്‍തിരുന്ന കമ്പനി അധികൃതര്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. 

ദുബൈ: പ്രവാസി ഇന്ത്യക്കാരന്‍ ദുബൈയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചു. അല്‍ റിഫയിലായിരുന്നു സംഭവം. 34കാരനായ യുവാവ് മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് അല്‍ റിഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ജുമ ഖല്‍ഫാന്‍ അല്‍ മുഹൈരി പറഞ്ഞു.

യുവാവിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹം ജോലി ചെയ്‍തിരുന്ന കമ്പനി അധികൃതര്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ നിഗമനം. യുവാവ് മൂന്ന് ദിവസമായി ജോലിക്ക് ഹാജരായിട്ടില്ലെന്നും അദ്ദേഹം താമസിച്ചിരുന്ന മുറി പൂട്ടിയിട്ട നിലയിലാണെന്നുമാണ് കമ്പനി അധികൃതര്‍ പൊലീസിനെ അറിയിച്ചത്.

പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരുടെ പരിശോധനകള്‍ക്ക് ശേഷമാണ് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.