മസ്കറ്റിൽ നടന്ന രണ്ടാമത് ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സഹകരണ ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കി. സമുദ്ര സുരക്ഷ, ഡ്രോൺ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ തങ്ങളുടെ സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ചു.

മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കി രണ്ടാമത് ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സഹകരണ ഉച്ചകോടി മസ്കറ്റിൽ സമാപിച്ചു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ ഒമാൻ പ്രതിരോധ, വാണിജ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യവസായ പ്രമുഖരും പങ്കെടുത്തു.

ഒമാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ -സൈനിക വ്യവസായ വിഭാഗം ഡയറക്ടർ ജനറൽ എൻജിനീയർ സെയ്ദ് സൈഫ് സൗദ് അൽ ഷബിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങിൽ സംബന്ധിച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ 16 ഇന്ത്യൻ പ്രതിരോധ കമ്പനികളിൽ നിന്നുള്ള 24 പ്രതിനിധികൾ ഉച്ചകോടിയിൽ അണിനിരന്നു. സമുദ്ര സുരക്ഷ, നേവൽ സിസ്റ്റങ്ങൾ, ആളില്ലാ വാഹനങ്ങൾ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ അത്യാധുനിക മേഖലകളിലെ സാങ്കേതിക വിദ്യകളാണ് ഇന്ത്യൻ സംഘം പ്രദർശിപ്പിച്ചത്.

ചടങ്ങിൽ 125-ൽ അധികം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ, ഇന്ത്യ-ഒമാൻ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമാണ് പ്രതിരോധ സഹകരണമെന്ന് വ്യക്തമാക്കി. മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യമിട്ടുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹം വ്യവസായ മേഖലയോട് ആഹ്വാനം ചെയ്തു.

പ്രധാന ധാരണകളും കരാറുകളും

ഉച്ചകോടിയുടെ ഭാഗമായി 'ഇന്ത്യൻ പ്രതിരോധ വ്യവസായം - ആഗോളതലത്തിലേക്ക്' എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് പ്രകാശനം ചെയ്തു. കൂടാതെ, ഒമാനിലെ 'എം.എസ്.എ ഗ്ലോബൽ', ഇന്ത്യയുടെ 'ഐ.ജി ഡിഫൻസ്' എന്നീ കമ്പനികൾ തമ്മിൽ ഡ്രോൺ സാങ്കേതിക വിദ്യകളിലും പ്രതിരോധ സംവിധാനങ്ങളിലും സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ സംയുക്ത നിർമ്മാണത്തിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും ഈ ഉച്ചകോടി വലിയ വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.