Asianet News MalayalamAsianet News Malayalam

സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധം

റിക്രൂട്ട്‌മെൻറ് മേഖല വികസിപ്പിക്കുന്നതിനും ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗാർഹിക തൊഴിലാളികൾക്കുള്ള ഈ ഇൻഷുറൻസ് സേവനം.

insurance mandatory for foreign domestic workers in saudi
Author
First Published Feb 1, 2024, 5:19 PM IST

റിയാദ്: സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധമായി. മുസാനിദ് പ്ലാറ്റ്ഫോം വഴിയെത്തുന്ന ഗാർഹിക ജോലിക്കാർക്കാണ് ഇത് ബാധകമാകുന്നത്. വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിനുള്ള സംവിധാനമാണ് മുസാനിദ് പ്ലാറ്റ്ഫോം. ജോലിയിൽ നിന്ന് മാറിനിൽക്കൽ, ഹൂറുബ്, മരണം തുടങ്ങിയ വിവിധ കേസുകളിൽ തൊഴിലുടമക്കും ഗാർഹികജോലിക്കാർക്കും നഷ്ടപരിഹാരം ലഭിക്കാൻ ഇത് സഹായിക്കും. നിരവധി ആനുകൂല്യങ്ങളാണ് ഇരുകൂട്ടർക്കും ഇൻഷുറൻസിലൂടെ ലഭിക്കുക. 

റിക്രൂട്ട്‌മെൻറ് മേഖല വികസിപ്പിക്കുന്നതിനും ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗാർഹിക തൊഴിലാളികൾക്കുള്ള ഈ ഇൻഷുറൻസ് സേവനം. ആദ്യ രണ്ട് വർഷത്തേക്കുള്ള ഇൻഷുറൻസ് റിക്രൂട്ട്‌മെൻറ് ഓഫീസും തൊഴിലുടമയും തമ്മിലുള്ള കരാർ നടപടിക്രമങ്ങളുടെ ഭാഗമായിരിക്കും. രണ്ട് വർഷത്തിന് ശേഷം ഇൻഷുറൻസ് എടുക്കണോ വേണ്ടേയെന്ന് തൊഴിലുടമക്ക് തീരുമാനിക്കാനാവും. 

Read Also - തുടർച്ചയായി​ മൂന്ന്​ ദിവസം അവധി; സര്‍ക്കാര്‍-സ്വകാര്യ മേഖലകൾക്ക് ബാധകം, പൊതു അവധി പ്രഖ്യാപിച്ച് ഈ ഗൾഫ് രാജ്യം

ഗാർഹിക തൊഴിലാളി വേതന സംരക്ഷണ പരിപാടി, വേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള ഏകീകൃത കരാർ പ്രോഗ്രാം എന്നിവ ഇതിന് മുമ്പ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. കരാർ അവകാശങ്ങൾ സംരക്ഷിക്കുകയും ഇരുകക്ഷികളുടെയും ബാധ്യതകൾ വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഇരുകക്ഷികളെയും ബന്ധിപ്പിക്കുന്ന ഏകീകൃത കരാർ. വിവിധ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി പരിധി നിശ്ചയിക്കുന്നതിനുള്ള നിരവധി സംയുക്ത കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. 2023െൻറ തുടക്കം മുതലാണ് മന്ത്രാലയം മുസാനിദ് പ്ലാറ്റ്ഫോം ആരംഭിച്ചത്. നിലവിൽ ഈ സേവനം ഉപയോഗപ്പെടുത്തിയ ഉപഭോക്താക്കളുടെ എണ്ണം 1,75,000 ലധികമെത്തിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സൗദി അറേബ്യയിലുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 36.4 ലക്ഷമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

Latest Videos
Follow Us:
Download App:
  • android
  • ios