ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ ഗവൺമെന്റിന്റെ രണ്ട് പുതിയ സംരംഭങ്ങളായ ‘ആർട്ടിക് മുതൽ അന്റാർട്ടിക്ക് വരെ’, ‘ഓഷ്യൻ റിങ് ഓഫ് യോഗ‘ എന്നീ വിഷയങ്ങളിലും സംസാരിച്ചു.
റിയാദ്: ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങളുടെ ഭാഗമായി ‘യോഗ വസുദൈവ കുടുംബകത്തിന്’ എന്ന പ്രമേയത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ബത്ഹക്ക് സമീപമുള്ള അൽ മാദി പാർക്കിൽ ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ സ്വാഗത പ്രസംഗത്തിൽ യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും സംസാരിച്ചു.
ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ ഗവൺമെന്റിന്റെ രണ്ട് പുതിയ സംരംഭങ്ങളായ ‘ആർട്ടിക് മുതൽ അന്റാർട്ടിക്ക് വരെ’, ‘ഓഷ്യൻ റിങ് ഓഫ് യോഗ‘ എന്നീ വിഷയങ്ങളിലും സംസാരിച്ചു. വ്യാസ യൂനിവേഴ്‌സിറ്റി ചാൻസലർ ഡോ. എച്ച്.ആർ. നാഗേന്ദ്ര ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രോ വൈസ് ചാൻസലർ ഡോ. മഞ്ജുനാഥ് ശർമ്മയും പങ്കെടുത്തു. നിരവധിയാളുകൾ പങ്കെടുത്ത യോഗ പ്രദർശനം തുടർന്ന് നടന്നു. പ്രാണായാമം, ധ്യാനം എന്നിവയും പ്രകടിപ്പിച്ചു.
വൈദേഹി നൃത്ത വിദ്യാലയത്തിലെയും ചിലങ്ക ഡാൻസ് അക്കാദമിയിലെയും വിദ്യാർഥികൾ യോഗ പ്രമേയമാക്കിയ നൃത്തപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ, സൗദിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ, സൗദി പൗരന്മാർ, മറ്റ് ക്ഷണിക്കപ്പെട്ട രാജ്യക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രായോജകർ, നൃത്ത സംഘങ്ങൾ, യോഗ പരിശീലകർ, മെഡിക്കൽ സപ്പോർട്ട് ടീം എന്നിവർക്ക് അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദ് എന്നിവർ പ്രശംസാഫലകങ്ങൾ വിതരണം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
