സൈനികനൊപ്പം രണ്ട് യുവതികള്‍ കൂടി ഉണ്ടായിരുന്നെന്നും ഇവരും മദ്യ ലഹരിയിലായിരുന്നുവെന്ന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 

കുവൈത്ത് സിറ്റി: മദ്യ ലഹരിയില്‍ പൊലീസിനെ അസഭ്യം പറഞ്ഞ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ കുവൈത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക ദിനപ്പത്രമായ 'അല്‍ അന്‍ബ'യാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഒരു കുവൈത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‍ക്ക് നേരെയും ലഫ്. കേണല്‍ റാങ്കിലുള്ള ഒരു ഓഫീസര്‍ക്ക് നെരെയും ഇയാള്‍ അസഭ്യ വര്‍ഷം ചൊരിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈനികനൊപ്പം രണ്ട് യുവതികള്‍ കൂടി ഉണ്ടായിരുന്നെന്നും ഇവരും മദ്യ ലഹരിയിലായിരുന്നുവെന്ന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഒരു കഫേയില്‍ വെച്ച് ആളുകളെ ശല്യം ചെയ്‍തതിനാണ് ഇയാളെ പൊലീസ് തടഞ്ഞത്. പിന്നീട് പൊലീസിന് നേരെയായി ആക്രമണം. അമേരിക്കക്കാരനായ താന്‍ എല്ലാവരെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരോടുള്ള ഇയാളുടെ പെരുമാറ്റം കണ്ട് കുപിതരായ നാട്ടുകാരില്‍ ചിലര്‍ കൂടി ചേര്‍ന്നായിരുന്നു ഇയാളെ പൊലീസ് പട്രോള്‍ വാഹനത്തില്‍ കയറ്റിയത്.