റിയാദ്: അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ. ആക്രമണത്തിന് ഉപയോഗിച്ചത് ഇറാനിയൻ ആയുധങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സൗദി പ്രതിരോധ മന്ത്രി അന്വേഷണം പൂർത്തിയാകാൻ കാക്കുകയാണ് തങ്ങളെന്നും പറഞ്ഞു. അതേസമയം പ്രകോപനം ഉണ്ടാക്കിയാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ സൗദിക്ക് മുന്നറിയിപ്പ് നല്‍കി. 

ആഗോള എണ്ണ വിപണിയിൽ പ്രതിസന്ധി ഉണ്ടാക്കിയ അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്നാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. തങ്ങളെ ആക്രമിച്ചവർക്ക് തക്ക മറുപടി നൽകാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി എയ്ദ‌ൽ അൽ ജുബൈർ വ്യക്തമാക്കി. 

അരാംകോയിലെ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാനിയൻ ആയുധങ്ങളാണ്. ഇതിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ആക്രമണം ഉണ്ടായത് വടക്ക് നിന്നാണ്... ഇറാന്റെ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടി എയ്ദ‌ൽ അൽ ജുബൈർ പറഞ്ഞു. അതേസമയം ഏതുതരം തിരിച്ചടിയാണ് നൽകുന്നത് എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വിദേശ പങ്കാളിത്തത്തോടെയുള്ള അന്വേഷണം പൂർത്തിയാകുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാകുമെന്ന് എയ്ദ‌ൽ അൽ ജുബൈർ വ്യക്തമാക്കി. 

ഇതിനിടെ, സൗദിയിലേക്ക് കൂടുതൽ സൈനികരെ അയക്കുമെന്ന് അമേരിക്ക അറിയിച്ചു.  ഇറാനെതിരെ കൂടുതൽ ഉപരോധങ്ങളും പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏതുതരത്തിലുള്ള കടന്നുകയറ്റങ്ങൾക്കും കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന് നേരെയുണ്ടാവുന്ന ചെറിയ പ്രകോപനങ്ങൾക്ക് പോലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ റെവലൂഷണറി ഗാർഡിന്റെ തലവൻ മേജ‍ ജനറൽ ഹൊസെയ്ൻ സലാമി മുന്നറിയിപ്പ് നല്‍കി.